പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ സങ്കീർണ്ണമാകുകയും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നീക്കങ്ങൾക്ക് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും സമാധാനത്തിന് ഒരു അവസരം നൽകണമെന്നും ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് അഭ്യർത്ഥിച്ചു. വർദ്ധിച്ചുവരുന്ന ബോംബാക്രമണങ്ങളും കൊലപാതകങ്ങളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം ഉടനടി അവസാനിച്ചാൽ പോലും ഗൾഫ് മേഖലയിലെ വിതരണ ശൃംഖല സാധാരണ നിലയിലാകാൻ മാസങ്ങളെടുക്കുമെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ-കാബി പറഞ്ഞു. യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കാൻ കെൽപ്പുള്ളതാണെന്ന് അദ്ദേഹം പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദനം നിലയ്ക്കുന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ (ഏകദേശം 12,500 ഇന്ത്യൻ രൂപ) വരെ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നയതന്ത്ര തലത്തിലും കടുത്ത പ്രതിസന്ധികളാണ് രൂപപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇറാനിലെ ടെഹ്റാൻ എംബസിയിൽ നിന്നും തബ്രിസിലെ കോൺസുലേറ്റിൽ നിന്നും തങ്ങളുടെ മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിക്കുകയാണെന്ന് അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയ്‌ഹുൻ ബെയ്‌റമോവ് അറിയിച്ചു. നാല് ഇറാനിയൻ ഡ്രോണുകൾ അതിർത്തി കടന്നെത്തുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് അസർബൈജാൻ ഈ കടുത്ത തീരുമാനമെടുത്തത്. എന്നാൽ ഡ്രോൺ ആക്രമണം ഇറാൻ നിഷേധിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ തങ്ങളുടെ രാജ്യത്തിന് നേരെ വഞ്ചനാപരമായ ആക്രമണം നടത്തിയെന്ന് ബഹ്റൈൻ ആരോപിച്ചു. രാജ്യത്തെ ലക്ഷ്യമാക്കി വന്ന 78 മിസൈലുകളും 143 ഡ്രോണുകളും തകർത്തതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി.