വിവാഹാഭ്യർത്ഥനകളെയും പ്രണയാഭ്യർത്ഥനകളെയും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്കവിധം അവിസ്മരണീയമാക്കി മാറ്റാൻ പലരും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായതും മനോഹരമായതുമായ സ്ഥലങ്ങൾ ഇത്തരം കാര്യങ്ങൾക്കായി തിരഞ്ഞെടുക്കാറുമുണ്ട്. അത്തരത്തിൽ വേറിട്ടു നിൽക്കുന്ന വിവാഹ/ പ്രണയാഭ്യർത്ഥനകളുടെ വീഡിയോകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നതും പതിവാണ്. സമാനമായ ഒരു വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. അഗ്നിപർവതത്തിനു മുൻപിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന ദമ്പതികളുടെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഗ്വാട്ടിമാലയിൽ ഉരുകിയ ലാവയ്ക്ക് മുന്നിൽ നിന്നാണ് ഇവർ പ്രണയാഭ്യർത്ഥന നടത്തുന്നത്. ജസ്റ്റിൻ ലീ എന്ന യുവാവും അയാളുടെ കാമുകി മോർഗനുമാണ് വീഡിയോയിൽ ഉള്ളത്. ജസ്റ്റിൻ ലീ മോർഗനോട് തന്റെ പ്രണയം പറഞ്ഞ്, പ്രണയ സമ്മാനമായി മോതിരം വിരലുകളിൽ അണിയിച്ചപ്പോഴാണ് അത്ഭുതകരമെന്നവണ്ണം അവർക്ക് പിന്നിലായി ഉണ്ടായിരുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
ഇരുവരുടെയും പ്രണയാന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കിയ ആ കാഴ്ച ഏറെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയാ യൂസർമാർ ഏറ്റെടുത്തത്. missmorganalexa ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മോർഗനാണ് ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ ഇരുവരും അമ്പരക്കുന്നതും വീഡിയോയിൽ കാണാം.
https://www.instagram.com/p/DKiv5oHxO6U/?img_index=6&igsh=MWYwdnZueTlubXlkNA==