കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. 10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും കേന്ദ്ര മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കും.

പഹൽ​ഗാം ഭീകരാക്രമണമത്തിന്റെയും വ്യാജ ബോംബ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഈ  പദ്ധതിയിലൂടെ സമുദ്ര യുഗത്തിൻ്റെ തുടക്കമാണ് സംഭവിക്കുകയെന്നാണ് മുഖ്യമന്ത്രി പങ്കുവെയ്ക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.