മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വിവാഹമോചിതാരാകാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിന് സാധ്യതയുണ്ടെന്നുമാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ജനിച്ച ആര്യവീര്‍, 2010 ല്‍ ജനിച്ച വേദാന്ത് എന്നിവരാണ് മക്കള്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സെവാഗ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ഫോട്ടോകള്‍ക്ക് പിന്നാലെയാണ് വിവാഹമോചന അഭ്യൂഹം പരക്കാന്‍ തുടങ്ങിയത്.
സെവാഗ് തന്റെ മക്കളും അമ്മയുമൊത്തുള്ള ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആരതി ഇതില്‍ ഉണ്ടായിരുന്നില്ല. വീരേന്ദര്‍ സേവാഗ് അടുത്ത കാലത്തായി ആരതിക്കൊപ്പമുള്ള ഫോട്ടോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇരുവരുടേയും പഴയ ഫോട്ടോകള്‍ ഉണ്ട്. അതേസമയം വിവാഹമോചന വാര്‍ത്തകള്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.



