മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ കെ. മോങ്ജാങ് ഗ്രാമത്തില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. കുക്കി തീവ്രവാദ സംഘടനയായ കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍/കുക്കി നാഷണല്‍ ആര്‍മിയുടെ (കെഎന്‍ഒ/കെഎന്‍എ) ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫായ തങ്‌ബോയ് ഹാവോകിപ് എന്ന തഹ്പിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അജ്ഞാതരായ ആയുധധാരികള്‍ വാഹനം പതിയിരുന്ന് ആക്രമിച്ചത്. വാഹനത്തില്‍ സഞ്ചരിച്ചിരുന്നു മൂന്നു പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു വഴിയാത്രക്കാരിയായ സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുക്കി തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കെഎന്‍ഒ/കെഎന്‍എയില്‍ അടുത്തിടെയുണ്ടായ പിളര്‍പ്പുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. യുണൈറ്റഡ് കുക്കി നാഷണല്‍ ആര്‍മി (യുകെഎന്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. 

സംഘടനയിലെ ഉന്നത കമാന്‍ഡറുടെ കൊലപാതകം പ്രതികാര ആക്രമണമുണ്ടാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.