പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന് പിന്തുണയുമായി സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായ ചിന്തകളുള്ള ഒരു സിനിമാ സംഘടനയുടെ ആവശ്യകത ഇപ്പോൾ അനിവാര്യമെന്ന് വിനയൻ പറഞ്ഞു. നിലവിലുള്ള സംഘടനകളിൽ നേതാക്കൾ സ്വന്തം താൽപര്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന അവസ്ഥയാണ്. ജൂനിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന ഒരു സംഘടനയുടെ ആവശ്യകതയാണ് ഇപ്പോൾ ഉള്ളതെന്നും വിനയൻ കൂട്ടിച്ചേർത്തു.
വിനയൻ നിലവിൽ നിർമ്മാതാക്കളുടെ സംഘടനയിൽ അംഗമാണ്. എന്നാൽ സംവിധായകനെന്ന നിലയിൽ പുതിയ സംഘടനയിലും ചേരുന്നത് പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചത്.
സിനിമയിലെ അതിക്രമങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഘടനയുടെ രൂപീകരണം. ഫെഫ്കയിൽ നിന്ന് രാജിവച്ച ആഷിക് അബു അടക്കമുള്ള പ്രമുഖർ സംഘടനയ്ക്ക് നേതൃത്വം നൽകുന്നു. സിനിമയിൽ പുതിയൊരു സംസ്കാരം രൂപപ്പെടുത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.
സിനിമാ തൊഴിലാളികളെ ശാക്തീകരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനായി പ്രവർത്തിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഒരു സിനിമാ സംസ്കാരം സൃഷ്ടിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും നേരത്തെ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് വ്യത്തങ്ങൾ വ്യക്തമാക്കിയിരുന്നു.



