ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. ഇന്നലെ വൈകുന്നേരം മുതൽ സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇ പി എസ്) എ ഐ എ ഡി എം കെയും നീക്കം ഉപേക്ഷിച്ചു. എം എൽ എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് പിന്മാറ്റം. പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ പി എസ് എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്സിൽ കുറിപ്പും പങ്കുവെച്ചു. ഇ പി എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി ടി വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എ ഐ എ ഡി എം കെ തീരുമാനിച്ചത്. എ ഐ എ ഡി എം കെയുടെ ഈ പിന്മാറ്റം വിജയ്ക്ക് സർക്കാർ രൂപീകരണം എളുപ്പമാക്കുമെന്നാണ് വ്യക്തമാകുന്നത്. വി സി കെയുടെ പിന്തുണ ഉറപ്പിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും നിലവിൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. എന്നാൽ വൈകാതെ തന്നെ വി സി കെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കത്ത് കൈമാറാനാണ് സാധ്യത.
വി സി കെ പിന്തുണച്ചാൽ ‘മുഖ്യമന്ത്രി’ വിജയ് വൈകില്ല
അതേസമയം വി സി കെ പിന്തുണ പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് വിജയ് വൈകാതെ തന്നെ ലോക്ഭവനിലെത്തി അവകാശവാദം ഉന്നിയിക്കും. ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഇതിനകം 3 വട്ടം ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് ഇന്നലെ എത്തിയത്. എന്നാൽ 116 പേരുടെ പിന്തുണ കത്ത് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളു. ഇതിനിടയിൽ മുസ്ലിം ലീഗും വി സി കെയും പിന്തുണക്കാര്യത്തിൽ അനിശ്ചിതത്വം വർധിപ്പിക്കുന്ന നിലപാടിലേക്ക് നീങ്ങുകയും ചെയ്തത് വിജയ്ക്ക് തിരിച്ചടിയായി. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, പാർട്ടികൾ പിന്തുണ കത്ത് നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരുടെ പിന്തുണയും വിജയ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ വി സി കെയെങ്കിലും പിന്തുണ കത്ത് നൽകിയാൽ സർക്കാർ രൂപീകരിക്കാനാകും.



