സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലായെന്ന് ആരോപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മാത്രം തമിഴ്‌നാട്ടിൽ 25 കൊലപാതകങ്ങളും നാല് ഇരട്ടക്കൊലപാതകങ്ങളും 19 ലൈംഗിക അതിക്രമങ്ങളും നടന്നുവെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റത്തെക്കുറിച്ച് സംസാരിച്ചവരുടെ ഭരണത്തിൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിലാണ് മാറ്റം വന്നിരിക്കുന്നതെന്ന് എക്സ് പ്ലാറ്റ്‌ഫോമിലെ ദീർഘമായ കുറിപ്പിൽ ഡിഎംകെ നേതാവ് പരിഹസിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ, ഇത് തമിഴ്‌നാടാണോ അതോ ഉത്തർപ്രദേശാണോ എന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു.

കുറ്റകൃത്യങ്ങളുടെ പരമ്പര

മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം കുബേന്ദ്രൻ എന്ന 17-കാരൻ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം. ചിത്തിര ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ഈ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലെ സുലൂരിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചും, വില്ലുപുരം ജില്ലയിൽ പെൺകുട്ടിക്ക് നേരെ നടന്ന മറ്റൊരു ലൈംഗിക അതിക്രമത്തെക്കുറിച്ചും അദ്ദേഹം തന്റെ കുറിപ്പിൽ പരാമർശിച്ചു.