തമിഴ്നാട്ടില്‍ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍ത്തി എപ്പോഴും നേര്‍ത്തതാണ്. തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിച്ചതോടെ വിജയ് തമിഴ്‌നാട്ടില്‍ ചരിത്രം കുറിച്ചു. 2 വര്‍ഷം മുന്‍പ് മാത്രം രൂപീകരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കരുത്തില്‍ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന തമിഴ്‌നാട്ടിന്റെ അമരത്തേക്ക് എത്തുകയാണ് വിജയ്. ദളപതിയില്‍ നിന്നും ജനനായകനിലേക്കുള്ള വിജയ്യുടെ രാഷ്ട്രീയ യാത്ര വിസ്മയകരമായിരുന്നു.
‘ഉന്നാല്‍ മുടിയും’. വിജയ് തന്റെ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കത്തിനായി 2009-ല്‍ പുറത്തിറക്കിയ പതാകയിലാണ് ഇത്തരത്തില്‍ എഴുതിയിരുന്നത്. തന്റെ ആരാധകരുടെ അഭിലാഷങ്ങള്‍ വെള്ളിത്തിരയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുമെന്നതിന്റെ സൂചനയായിരുന്നു വിജയ് ഇതിലൂടെ നല്‍കിയത്. 17 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വാക്ക് പാലിക്കുകയാണ് ജനനായകന്‍. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം അത്ര പെട്ടെന്നായിരുന്നില്ല. 2021ല്‍ സൈക്കിള്‍ ചവിട്ടി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വിജയ് പോയത് ഇന്നും ജനങ്ങളുടെ മനസിലുണ്ട്. ചെന്നൈയിലെ വീട്ടില്‍ നിന്ന് അടുത്തുള്ള പോളിംഗ് ബൂത്തിലേക്കായിരുന്നു വിജയുടെ യാത്ര. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു വിജയ്യുടെ നീക്കം. 2024 ഫെബ്രുവരിയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ വിജയ് ആ വര്‍ഷം ഒക്ടോബറില്‍ നടത്തിയ മഹാസമ്മേളനത്തിലൂടെ തമിഴക രാഷ്ട്രീയത്തില്‍ തന്റെ വരവറിയിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍, പെരിയാര്‍, കെ. കാമരാജ് എന്നിവരുടെ ആശയങ്ങളില്‍ അധിഷ്ഠിതമായ മതനിരപേക്ഷ സാമൂഹിക നീതിയാണ് പാര്‍ട്ടിയുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും ഡിഎംകെയെ രാഷ്ട്രീയ എതിരാളിയുമായി വിജയ് കൃത്യമായി മാര്‍ക്ക് ചെയ്തു. എല്ലാ ജീവജാലങ്ങളും ജനനത്താല്‍ തുല്യരാണ് എന്ന അര്‍ഥം വരുന്ന ‘പിറപ്പൊക്കും എല്ലാ ഉയിര്‍ക്കും’ എന്ന തിരുക്കുറള്‍ വചനമായിരുന്നു ടിവികെയുടെ അടിസ്ഥാന മുദ്രാവാക്യം. വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിനിടെ സദസിലിരുന്ന ദളിത് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്നതും തമിഴ്‌നാട്ടിലെ യുവതലമുറയെ വരിഞ്ഞുമുറുക്കിയ ലഹരിമരുന്നിനെതിരെ കുട്ടികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചതും അടക്കം വിജയ് തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു. 67 പേര്‍ മരിച്ച കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വിജയ് ആഞ്ഞടിച്ചു.
തിരഞ്ഞെടുപ്പില്‍ റിസര്‍വ് സീറ്റുകള്‍ക്ക് പുറമെ, ജനറല്‍ മണ്ഡലങ്ങളിലും ദളിത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയ് വിപ്ലവകരമായ മാറ്റം വരുത്തി. 28 ദളിത് എംഎല്‍എമാരാണ് ടിവികെയില്‍ നിന്ന് വിജയിച്ചത്. വിരുദുനഗറില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പി. സെല്‍വത്തെ ജനറല്‍ സീറ്റില്‍ നിര്‍ത്തി വിജയിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്. ”ജാതിക്ക് അതീതമായ വോട്ട്” എന്നതായിരുന്നു വിജയ് മുന്നോട്ടുവച്ച മുദ്രാവാക്യം. ഇതുവഴി ദളിത്, ന്യൂനപക്ഷ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചു. ഇപ്പോഴിതാ 6 പതിറ്റാണ്ടായി തുടര്‍ന്ന ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഭരണത്തിന് അന്ത്യം കുറിച്ച് തമിഴ്‌നാട്ടില്‍ പുതുയുഗ പിറവിക്ക് കളം ഒരുക്കുകയാണ് ദളപതി ജോസഫ് വിജയ്.



