തമിഴ്നാട്ടിൽ വീട്ടമ്മമാർക്കായുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ ഈ മാസത്തെ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി റിപ്പോർട്ട്. 1000 രൂപ വീതമാണ് ഇന്ന് രാവിലെ അക്കൗണ്ടുകളിൽ ലഭ്യമായത്.
അതേസമയം, പദ്ധതിയിൽ ചില നിർണായക മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നതായി വിജയ് സർക്കാർ സൂചന നൽകി. 60 വയസ്സിന് മുകളിലുള്ള സ്ത്രീകളെ നിലവിലെ പദ്ധതിയിൽ നിന്ന് വാർദ്ധക്യപെൻഷൻ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നൽകുന്നതാണ് പരിഗണനയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് സമയത്ത് 2500 രൂപ മാസവേതനം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി വിജയിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്.
ഇതിനിടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയ ഉത്തരവും സർക്കാർ പുറത്തിറക്കിയിരുന്നു. ഈ വർധനവ് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു.
ഏകദേശം 16 ലക്ഷം സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തീരുമാനം നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 1,230 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് തമിഴ്നാട് സർക്കാർ വിശദീകരിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധനവിന് പിന്നാലെയാണ് തമിഴ്നാട്ടിലും സമാന നടപടി സ്വീകരിച്ചതെന്നും സർക്കാർ അറിയിച്ചു.



