വിമാന ദുരന്തത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലോകം കണ്ടത് 16 വയസ്സുകാരൻ്റെ മൊബൈൽ ക്യാമറയിലൂടെയായിരുന്നു. അപകടമുണ്ടായി നിമിഷങ്ങൾക്കകം ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ലക്ഷ്മിനഗറിൽ നിന്നാണ് വൈറലായ ഈ ദുരന്ത വീഡിയോ ചിത്രീകരിച്ചത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരിയാണ് തൻ്റെ മൊബൈൽ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പകർത്തിയത്. എയർപോർട്ടിന് സമീപത്ത് വിമാനങ്ങൾ താഴ്ന്നുപറക്കുന്ന കാഴ്ച, ആരവല്ലി ജില്ലയിലുള്ള തൻ്റെ സുഹൃത്തിനെ കാണിക്കാനായിരുന്നു ആര്യൻ മൂന്നുനില കെട്ടിടത്തിൻ്റെ മുകളിൽ കയറി വീഡിയോ പകർത്തിയിരുന്നത്. എന്നാൽ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവങ്ങൾക്കായിരുന്നു ആര്യൻ പിന്നീട് സാക്ഷിയായത്. എയർ ഇന്ത്യയുടെ കൂറ്റൻ വിമാനം തൻ്റെ കൺമുന്നിൽ തകർന്നു വീണ് തീഗോളമായി മാറി.
തൻ്റെയും അച്ഛൻ്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ആര്യൻ പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. അപകടം നടന്നതിന് തൊട്ടുപിന്നാലെ, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ആര്യനെ സമീപിക്കുകയും വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തതായി അയൽവാസിയായ സുനിത സിംഗ് പറയുന്നു.
അപകടം കണ്ട് ആര്യൻ മാനസികമായി ആകെ തകർന്നിരിക്കുകയാണെന്നും, വിമാനം കാണുമ്പോൾ അവനിപ്പോൾ ഭയമാണെന്നും സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം തകർന്ന് വീണത്.
230 യാത്രക്കാരും 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. അത്ഭുതകരമായി ഒരു യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ ദാരുണമായ സംഭവം രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.