സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടില്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട്
ഇ ഡി മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.

പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയെന്ന് ഇ ഡി വ്യക്തമാക്കി. 242 അക്കൗണ്ടുകളിലായി 18. 36 കോടി രൂപ മരവിപ്പിച്ചു. ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി സ്വീകരിച്ച ആളുകളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇ ഡി അറിയിച്ചു.

തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നും ഇ ഡി വിലയിരുത്തുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഇ ഡി സംഘത്തിന്റെ കാറുകള്‍ ജനക്കൂട്ടം ആക്രമിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ചില ആളുകള്‍ ഗൂഢാലോചന നടത്തിയെന്നും അത് ഒരു സ്വാഭാവിക പ്രതികരണമല്ലെന്നുമാണ് ഇത് കാണിക്കുന്നത്. ഇ ഡി സെര്‍ച്ച് ടീമും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്‍ ഡ്രൈവര്‍മാരില്‍ ഒരാളുടെ കണ്ണിന് പരുക്കേറ്റു. ഇ ഡി നടപടിക്രമങ്ങള്‍ പാലിച്ചു. ജനക്കൂട്ടത്തെ ചെറുക്കുകയോ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു നേരെ ഒരു ആക്രമണവും നടത്തുകയോ ചെയ്തില്ല. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം പൊലീസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരും- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിശോധനയ്‌ക്കെിയ ഇ ഡി സംഘം നേരിട്ടത് സമാനതകളില്ലാത്ത പ്രതിരോധമായിരുന്നു. തിരുവനന്തപുരത്ത് പിണറായിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഇ ഡി സംഘത്തിന്റെ വാഹനമാണ് ആക്രമിച്ചത്. ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ നേരിട്ടത് കല്ലും ചെരുപ്പും വലിച്ചെറിഞ്ഞും കൂകിവിളിച്ചുമാണ്.