തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തെ ആഡംബര വാഹനവ്യൂഹങ്ങൾക്കും കിലോമീറ്ററുകളോളം നീളുന്ന ട്രാഫിക് നിയന്ത്രണങ്ങൾക്കും അറുതി വരുത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ യാത്രകൾ കാരണം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന കർശന നിർദേശം അദ്ദേഹം പോലീസ് മേധാവിക്ക് നൽകിക്കഴിഞ്ഞു.

മുൻപ് 10 മുതൽ 14 വരെ വാഹനങ്ങളായിരുന്നു പിണറായി വിജയന്റെ അകമ്പടിക്കായി ഉണ്ടായിരുന്നത്. എന്നാൽ, തനിക്ക് പൈലറ്റ് വാഹനം മാത്രം മതിയെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. പക്ഷേ, മുഖ്യമന്ത്രിയുടെ ‘സെഡ് കാറ്റഗറി’ സുരക്ഷ പരിഗണിച്ച് പൈലറ്റ് വാഹനത്തിനൊപ്പം ഒരു എസ്‌കോർട്ട് വാഹനം കൂടി വേണമെന്ന് പോലീസ് അറിയിച്ചു. ഇതോടെ സതീശന്റെ വാഹനവ്യൂഹം വെറും രണ്ട് അകമ്പടി വാഹനങ്ങളിലേക്ക് ചുരുങ്ങും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശപ്രകാരമാണ് മുഖ്യമന്ത്രിയുടെ വാഹനങ്ങൾ വെള്ളയിൽ നിന്ന് കറുപ്പിലേക്ക് മാറിയത്. സുരക്ഷാ കാരണങ്ങളായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, വി ഡി സതീശൻ പഴയ കീഴ്‌വഴക്കമനുസരിച്ച് വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും യാത്ര ചെയ്യുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് മന്ത്രിമാർക്കും വെളുത്ത ഇന്നോവ കാറുകൾ തന്നെ നൽകാൻ പൊതുഭരണവകുപ്പ് നിർദേശിച്ചിട്ടുണ്ട്.