ആധുനിക ശാസ്ത്രഗവേഷണരംഗത്ത് നിർണ്ണായക ചുവടുവയ്പ്പുമായി വത്തിക്കാൻ ഒബ്സർവേറ്ററി. അമേരിക്കയിലെ അരിസോണയിലുള്ള വത്തിക്കാൻ അഡ്വാൻസ്ഡ് ടെക്നോളജി ടെലിസ്കോപ്പ് (VATT) പൂർണ്ണമായും സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു മാറ്റിയതോടെ ലോകമെമ്പാടുമുള്ള ജെസ്യൂട്ട് സർവകലാശാലകളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ പഠനമുറികളിലിരുന്നുകൊണ്ടുതന്നെ ഈ അത്യാധുനിക ദൂരദർശിനി ഉപയോഗിച്ച് ഗവേഷണം നടത്താൻ സാധിക്കും.

മൗണ്ട് ഗ്രഹാമിൽ സ്ഥിതിചെയ്യുന്ന ഈ ഒബ്സർവേറ്ററിയിൽ തോമസ് ലോർഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാറ്റങ്ങൾ വരുത്തിയത്. ശാസ്ത്രഗവേഷണരംഗത്തെ പ്രമുഖനായിരുന്ന ഡോൺ ആൽസ്റ്റാഡിന്റെ സ്മരണയ്ക്കായി ‘ഡോൺ’ എന്നാണ് ഈ ഓട്ടോമേഷൻ സിസ്റ്റത്തിന് പേര് നൽകിയിരിക്കുന്നത്.

​ഇറ്റലിയിലെ കാസിൽ ഗാൻഡോൾഫോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വത്തിക്കാൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾത്തന്നെ ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങി. ഫോർഡാം യൂണിവേഴ്സിറ്റി ട്രസ്റ്റി അംഗമായ കിം ബെപ്ലറുടെ സഹായത്തോടെയാണ് ജെസ്യൂട്ട് വിദ്യാർഥികൾക്കായി ഈ പദ്ധതി വിപുലീകരിച്ചത്. അത്യാധുനിക ദൂരദർശിനികൾ ലഭ്യമല്ലാത്ത സർവകലാശാലകളിലെ വിദ്യാർഥികൾക്ക് ഇത് വലിയൊരു മുതൽക്കൂട്ടാകും. ​മതവും ശാസ്ത്രവും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ് വത്തിക്കാന്റെ ലക്ഷ്യം.