ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ഞായറാഴ്ചയിലെ ചാവേർ ബോംബാക്രമണത്തിന് ഏഴ് വർഷം തികയുമ്പോഴും, സത്യവും നീതിയും തേടിയുള്ള പോരാട്ടത്തിൽ കത്തോലിക്കാ സഭ ഉറച്ചുനിൽക്കുന്നു. 2019 ഏപ്രിൽ 21 ന് നടന്ന ആസൂത്രിത ആക്രമണങ്ങളിൽ 260 ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദാരുണസംഭവത്തിന്റെ വാർഷികവേളയിൽ, അന്വേഷണങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സഭ വീണ്ടും ആവശ്യപ്പെടുന്നു.
അന്വേഷണത്തിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സഭയുടെ പ്രധാന ആവശ്യങ്ങൾ ഇനിയും നിറവേറ്റപ്പെട്ടിട്ടില്ലെന്ന് ഒഎംഐയിലെ ഫാ. റോഹൻ സിൽവ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഒരു സ്വതന്ത്ര സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ യാഥാർഥ്യമായിട്ടില്ല. എങ്കിലും, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മേജർ ജനറൽ സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത് വലിയൊരു വഴിത്തിരിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രതികൾക്കെതിരെയുള്ള വാദം കേൾക്കൽ തുടരുകയാണ്.
അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ സൈനികതലങ്ങളിൽ നിന്നും മറ്റും ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരുന്നുണ്ടെന്ന് ഫാ. റോഹൻ സിൽവ വെളിപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അധികാരികൾ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ അന്വേഷണ റിപ്പോർട്ടുകൾ പൂർണ്ണമായി പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തതിലും സഭ അതൃപ്തി രേഖപ്പെടുത്തി.
കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ, ഇരകൾക്ക് നീതി ഉറപ്പാക്കാൻ രാജ്യവ്യാപകമായി പ്രാർഥനാദിനങ്ങളും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിക്കുകയാണ്. 2019 ൽ ആക്രമണം നടന്ന പള്ളികളിലൊന്നായ കടുവാപിട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വലിയ ജനകീയ മാർച്ചും പ്രാർഥനകളും നടക്കും. ഏഴ് വർഷം പിന്നിടുമ്പോഴും നഷ്ടപ്പെട്ട ജീവിതങ്ങളുടെ ഓർമ്മകൾ നിലനിർത്തുന്നതിനും സത്യം പുറത്തുകൊണ്ടുവരുന്നതിനുമായി തങ്ങൾ പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ സഭ പറഞ്ഞു.



