രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ സ്ലീപ്പർ പതിപ്പ് കഴിഞ്ഞദിവസമാണ് സർവീസ് ആരംഭിച്ചത്. പശ്ചിമബംഗാളിലെ മാൾഡയിൽ നിന്ന് ഗുവാഹാട്ടിയിലെ കാമാഖ്യയിലേക്കാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങിയത്. ഈ റൂട്ടിൽ നിലവിലുള്ള എല്ലാ ട്രെയിനുകളേക്കാളും വേഗതയേറിയ ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞനിരക്കിൽ ദീർഘദൂരയാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തത്. എന്നാൽ ആദ്യയാത്രയിൽ തന്നെ യാത്രക്കാർ ട്രെയിനിൽ നിറയെ മാലിന്യങ്ങൾ തള്ളിയെന്നാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ട്രെയിനിനുള്ളിൽ മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കപ്പുകൾ, ഡിസ്‌പോസിബിൾ സ്പൂണുകൾ, തുടങ്ങിയവയാണ് ട്രെയിനിന്റെ നിലത്ത് അങ്ങിങ്ങായിക്കിടക്കുന്നത്. ട്രേ ടേബിളിന് മുകളിൽ  ഒഴിഞ്ഞ കുടിവെള്ള കുപ്പിയും ഭക്ഷണ പാക്കറ്റും ടിഷ്യൂ പേപ്പറുമെല്ലാം കാണാം. വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യദിവസത്തെ സർവീസിനിടെ ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് റിപ്പോർട്ട്.

‘ഇത് നോക്കൂ. ഇത് റെയിൽവേയുടെ തെറ്റാണോ? സർക്കാരിന്റെ തെറ്റാണോ? അതോ നിങ്ങളുടെ തെറ്റോ? അൽപ്പമെങ്കിലും പൗരബോധം കാണിക്കൂ.’ -വീഡിയോയുടെ പശ്ചാത്തലത്തിൽ അത് ചിത്രീകരിച്ചയാൾ ഇങ്ങനെ പറയുന്നത് കേൾക്കാമായിരുന്നു. റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

‘കൂടുതൽ പണം കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സിവിക് സെൻസുണ്ടാകുമെന്നാണ് പലരും പറയുന്നത്. ഇപ്പോൾ കണ്ടില്ലേ?’ -ഇതാണ് ഒരാളുടെ കമന്റ്. ‘നല്ല സംവിധാനങ്ങൾക്ക് നമ്മൾ അർഹരല്ല.’ -മറ്റൊരാൾ കുറിച്ചു. ‘സീറ്റ് കിട്ടാനായി 2000 രൂപയോ 10,000 രൂപയോ മുടക്കുന്നവർ പക്ഷേ വിദ്യാഭ്യാസമുള്ള വിഡ്ഢികളായി തുടരുന്നു’ എന്ന് മറ്റൊരാൾ. പിഎൻആർ നമ്പർ പരിശോധിച്ച് യാത്രക്കാരിൽ നിന്ന് പിഴയീടാക്കണമെന്നും ഭാവിയിൽ അവരെ സീറ്റ് ബുക്ക് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്നും അത് മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ഹൗറ-ഗുവാഹാട്ടി വന്ദേഭാരത് സ്ലീപ്പർ

ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് കഴിയും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉൾപ്പെടുന്നു. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ട്രെയിനിൽ സുരക്ഷയ്ക്കായി ‘കവച്’ (Kavach), എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.