തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ പദവിയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടേതാണ് പരാതി.
സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മത്സരിക്കുന്ന ജി. സുധാകരൻ ഉൾപ്പെടെയുള്ളവരെ വിമർശിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി.
ഐഎച്ച്ആർഡി യിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐഎച്ച്ആർഡി പ്രവർത്തിക്കുന്നത്. അരുൺ കുമാറിന്റെ പോസ്റ്റ് ചട്ടവിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്.
സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയാറായ അരുൺകുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുൺകുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.



