ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ നാവികസേനയുടെ ഭീമൻ കപ്പലായ യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് പുറപ്പെട്ടു. ജപ്പാൻ ആസ്ഥാനമായുള്ള ഈ ആംഫിബിയസ് അസൾട്ട് കപ്പൽ ആയിരക്കണക്കിന് സൈനികരുമായി നിലവിൽ സിംഗപ്പൂർ കടന്ന് പടിഞ്ഞാറൻ ഏഷ്യൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 2,500 ഓളം വരുന്ന 31-ാം മറൈൻ എക്സ്പെഡിഷനറി യൂണിറ്റിലെ മിടുക്കരായ സൈനികരാണ് കപ്പലിലുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഇറാൻ പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ട്രിപ്പോളി കൂടി എത്തുന്നതോടെ ഇറാൻ തീരങ്ങളിൽ ശക്തമായ സൈനിക സാന്നിധ്യം ഉറപ്പാക്കാൻ അമേരിക്കയ്ക്ക് സാധിക്കും.

അത്യാധുനികമായ എഫ്-35 ബി സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, എംവി-22 ഓസ്പ്രേ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ഏകദേശം ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന്റെ എല്ലാ കരുത്തും ട്രിപ്പോളിക്കുണ്ട്. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിന് കൂടുതൽ കരുത്ത് പകരാനാണ് ഈ വിന്യാസം.

ഇറാൻ തീരത്തെ സൈനിക പോസ്റ്റുകൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെയുള്ള നീക്കം ശക്തമാക്കാൻ ഈ കപ്പലിന്റെ വരവ് സഹായിക്കും. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കുകയാണ് അമേരിക്കയുടെ പ്രാഥമിക ലക്ഷ്യം. കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഭരണകൂടം ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായാണ് ഈ സൈനിക നീക്കം നടക്കുന്നത്. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും നാവികസേനാ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇറാനിലെ കാർഗ് ദ്വീപിലുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും ട്രിപ്പോളിയിലെ സൈനികർ നേതൃത്വം നൽകിയേക്കും. വരും ദിവസങ്ങളിൽ ട്രിപ്പോളി ഹോർമുസ് കടലിടുക്കിന് സമീപം എത്തുന്നതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി പുതിയ ഘട്ടത്തിലേക്ക് കടക്കും. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന സമ്മർദ്ദം ലോകരാജ്യങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഏഷ്യൻ മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ ഈ വിന്യാസം എങ്ങനെ ബാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ ഉറ്റുനോക്കുകയാണ്.