ന്യൂയോർക്ക്: എഞ്ചിനിൽ പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ച അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്കു പോകുകയായിരുന്ന വിമാനമാണു തിരിച്ചിറക്കിയത്.
വിമാനത്തിൽ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് എയർബസ് A321 പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പക്ഷി വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു. ഉടൻതന്നെ വിമാനം ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.
എഞ്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സെക്കൻഡറി എൻജിനിലാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.



