വാഷിങ്ടൺ: ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസുമായി നേരത്തേ ഉണ്ടാക്കിയ വ്യാപാര ഉടമ്പടി ദക്ഷിണ കൊറിയ പാലിക്കാത്തതിനെ തുടർന്നാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

വാഹനങ്ങൾ, തടി ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ തീരുവ 15 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്കാണ് ഉയർത്തിയത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ യുഎസും ദക്ഷിണ കൊറിയയും തമ്മിൽ ഒരു വ്യാപാര, സുരക്ഷാ കരാറിൽ ഏർപ്പെട്ടതിന് മാസങ്ങൾക്കു ശേഷമാണ് ട്രംപിന്റെ നടപടി.

കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ദക്ഷിണ കൊറിയയുടെ നിക്ഷേപ വാഗ്ദാനങ്ങൾക്കൊപ്പം അമേരിക്കയുടെ തീരുവ വെട്ടിക്കുറയ്ക്കലുകളും ഉൾപ്പെടുത്തിയതിനുശേഷവുമാണ് കരാർ അന്തിമമാക്കിയത്. അന്നത്തെ കരാർ പ്രകാരം, വാഹനങ്ങൾ, കാർ ഭാഗങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ ദക്ഷിണ കൊറിയൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവയാണ് തീരുമാനിച്ചിരുന്നത്.

ദക്ഷിണ കൊറിയൻ കാറുകൾക്കുള്ള യുഎസ് തീരുവ 25 ശതമാനത്തിൽ നിന്ന് കുറച്ചതായിരുന്നു കരാറിലെ നിർണായക തീരുമാനം. ദക്ഷിണ കൊറിയയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 27 ശതമാനവും ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ കാർ കയറ്റുമതിയുടെ പകുതിയോളംവരും ഇത്.

തീരുവ ഉയർത്താനുള്ള നീക്കം ദക്ഷിണ കൊറിയയ്ക്ക് കനത്ത തിരിച്ചടിയാകും. ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽനിന്ന് യുഎസിലേക്കുള്ള വാഹന കയറ്റുമതിക്ക് 15 ശതമാനം മാത്രമാണ് യുഎസ് തീരുവ ചുമത്തിയിരിക്കുന്നത്.