ടെല്‍ അവീവ്: ഇറാനുമായുളള യുദ്ധത്തില്‍ ഇടപെടണോ എന്ന തീരുമാനം എടുക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയ്ക്ക് നല്ലത് എന്താണോ അത് ട്രംപ് ചെയ്യുമെന്നും ഇസ്രയേലിന് നല്ലത് താന്‍ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റിന് കളി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആവശ്യമെങ്കില്‍ ഇസ്രയേലിന് ഒറ്റയ്ക്ക് തന്നെ ദൗത്യം നിര്‍വഹിക്കാനുളള കഴിവുണ്ട്. ഈ ഓപ്പറേഷന്റെ അന്ത്യത്തില്‍ ഇസ്രയേലിന് നേരെ ആണവ ഭീഷണിയുണ്ടാകില്ല. ബാലിസ്റ്റിക് ഭീഷണിയും ഉണ്ടാകില്ല. യുദ്ധത്തില്‍ എല്ലാവര്‍ക്കും വ്യക്തിപരമായ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. എനിക്കും ഈ യുദ്ധം മൂലം നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്റെ മകന്റെ വിവാഹം റദ്ദാക്കേണ്ടി വന്നു’- നെതന്യാഹു പറഞ്ഞു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുളള ഖമേനിക്കെതിരെ ആക്രമണം ഉണ്ടാകാനുളള സാധ്യത തളളിക്കളയുന്നില്ല സൂചനയും നെതന്യാഹു നൽകി. ഇറാനിൽ ആരെയും പ്രത്യേകം ഒഴിവാക്കില്ലെന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ഖമേനിയെ വകവരുത്തുമെന്ന് പരസ്യമായി പറഞ്ഞ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിനെതിനെയും നെതന്യാഹു പരോക്ഷ വിമര്‍ശനമുന്നയിച്ചു. യുദ്ധസമയത്ത് വാക്കുകള്‍ ശ്രദ്ധയോടെയും പ്രവൃത്തികള്‍ കൃത്യതയോടെയും ആകണമെന്നും നെതന്യാഹു ചൂണ്ടിക്കാണിച്ചു.