വടക്കുകിഴക്കൻ നൈജീരിയയിൽ ഐസിസ് പോരാളികൾക്കെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങൾ യുഎസ് യുദ്ധവകുപ്പ് പുറത്തുവിട്ടു. ഐഎസിനെതിരെ അമേരിക്ക ‘ശക്തവും മാരകവുമായ ആക്രമണം’ നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.
വീഡിയോയിൽ, വിമാനത്തിൽ നിന്ന് ഒരു മിസൈൽ വിക്ഷേപിക്കുന്നതായും ഐസിസ് തീവ്രവാദികളെ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ട ക്രിസ്തുമസ് രാത്രി ആക്രമണങ്ങളിൽ വെടിക്കോപ്പുകൾ പ്രയോഗിക്കുന്നതും കാണാം. “നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ, മരിച്ച തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരട്ടെ, ക്രിസ്ത്യാനികൾക്കെതിരായ അവരുടെ കൂട്ടക്കൊല തുടർന്നാൽ ഇനിയും നിരവധി ആക്രമണങ്ങൾ ഉണ്ടാകും” എന്നും ട്രംപ് പറഞ്ഞു.
ട്രംപ് പ്രസിഡന്റായിരിക്കെ നൈജീരിയയിൽ നടന്ന ആദ്യത്തെ യുഎസ് സൈനിക ആക്രമണമായിരുന്നു ഇത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നൈജീരിയയെ ശക്തമായി വിമർശിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തതിനു ശേഷമാണ് ട്രംപ് ഇത്തരത്തിലൊരു ആക്രമണം നടത്തുന്നത്. രാജ്യത്തെ ക്രിസ്ത്യാനികൾ ഗുരുതരമായ ഭീഷണികൾ നേരിടുന്നെന്നും അക്രമങ്ങളും സായുധസംഘട്ടനങ്ങളും തുടരുന്നതിനിടെ സ്ഥിതിഗതികൾ ‘വംശഹത്യ’യ്ക്കു സമാനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.



