വാഷിങ്ടൺ: ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 05:37-ഓടെയാണ് ദൗത്യാംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെ ട്രംപ് ദൗത്യാംഗങ്ങളെ അഭിനന്ദിച്ചത്.

‘ആർട്ടെമിസ് 2-ലെ കഴിവുറ്റതും മികച്ചതുമായ സംഘത്തിന് അഭിനന്ദനങ്ങൾ. മുഴുവൻ യാത്രയും ഗംഭീരമായിരുന്നു. മികച്ച ലാൻഡിങ്ങായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് എന്ന നിലയിൽ ദൗത്യത്തിന്റെ വിജയത്തിൽ ഏറെ അഭിമാനിക്കുന്നു.’ -ഡൊണാൾഡ് ട്രംപ് കുറിച്ചു.

‘നിങ്ങൾ എല്ലാവരേയും ഉടൻ തന്നെ വൈറ്റ് ഹൗസിൽകാണാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ഇത് വീണ്ടും ചെയ്യും. അടുത്തത് ചൊവ്വയാണ്.’ -ട്രംപ് തുടർന്നു. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര വിജയകരമയി പൂർത്തിയാക്കിയത്. ശാന്തസമുദ്രത്തിലിറങ്ങിയ നാൽവർ സംഘത്തെ യുഎസ് നാവികസേനയുടെ കപ്പലിലേക്ക് മാറ്റി. ഇനി ഇവരെ വൈദ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിധേയരാക്കും.