ഇറാൻ സൈന്യം വെടിവെച്ചിട്ട അമേരിക്കൻ വിമാനത്തിന്റേതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. കാണാതായ അമേരിക്കൻ പൈലറ്റിനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി എത്തിയ യുഎസ് സി-130 ക്ലാസ് വിമാനമാണ് തകർത്തതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ പോലീസ് കമാൻഡോ യൂണിറ്റാണ് വിമാനം തകർത്തതെന്നാണ് അവകാശവാദം. പൈലറ്റിനായുള്ള യുഎസ് ദൗത്യങ്ങൾക്ക് ഇറാൻ കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

ബഹ്‌റൈനിലെ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിക്ക് (ജിപിഐസി) നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ പ്ലാന്റിലെ ചില യൂണിറ്റുകൾക്ക് തീപിടിച്ചതായി ബഹ്‌റൈൻ വാർത്താ ഏജൻസി അറിയിച്ചു. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. ഇറാൻ നേരിട്ട് ബഹ്‌റൈന് നേരെ ആക്രമണം നടത്തിയത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.