പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’യുമായി ബന്ധമുള്ളവരാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നഗരമധ്യത്തിലെ ഒരു ഹോട്ടലിന് സമീപത്തുനിന്നാണ് ഇവരെ സായുധസംഘം തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന് പിന്നാലെ ഇറാഖ് സുരക്ഷാ സേന നടത്തിയ വ്യാപകമായ തിരച്ചിലിനിടയിൽ പ്രതികൾ സഞ്ചരിച്ച കാർ മറിയുകയും ഒരാൾ പിടിയിലാവുകയും ചെയ്തു. പിടിയിലായ വ്യക്തിക്ക് കതൈബ് ഹിസ്ബുള്ളയുമായി അടുത്ത ബന്ധമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഷെല്ലിയെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.

ഷെല്ലി കിറ്റിൽസണ് നേരെ ആക്രമണസാധ്യതയുണ്ടെന്ന് അമേരിക്കൻ സുരക്ഷാ ഏജൻസികൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസവും അധികൃതർ ഇവരെ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അതിൽ ഷെല്ലിയുടെ പേരുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ഈ മുന്നറിയിപ്പുകൾ വ്യാജമാണെന്നാണ് ഷെല്ലി വിശ്വസിച്ചിരുന്നത്.

റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി കിറ്റിൽസൺ അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. അൽ-മോണിറ്റർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി നിരവധി ശ്രദ്ധേയമായ റിപ്പോർട്ടുകൾ അവർ തയ്യാറാക്കിയിട്ടുണ്ട്.