യുഎസും ഇറാനും തമ്മിൽ ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമാധാന കരാർ വൈകിയേക്കും. ഉടമ്പടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇരുപക്ഷവും കടുംപിടിത്തം തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധൃതി കാണിക്കേണ്ടെന്ന് താൻ നിർദേശം നൽകിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്തയെന്ന് ഇന്ത്യയിൽ സന്ദർശനം നടത്തിവരുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ‘ചർച്ചകൾ ചിട്ടയായതും ക്രിയാത്മകവുമായ രീതിയിൽ പുരോഗമിക്കുന്നു, സമയം നമ്മുടെ പക്ഷത്തുള്ളതുകൊണ്ട് ധൃതിപ്പെട്ട് ഒരു കരാറിലേക്ക് പ്രവേശിക്കരുതെന്ന് ഞാൻ എന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഒരു കരാറിലെത്തുകയും ഒപ്പുവെക്കുകയും ചെയ്യുന്നതുവരെ ഉപരോധം പൂർണ്ണ ശക്തിയോടെ നിലനിൽക്കും’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേർവിപരീതമായിരിക്കും തന്റെ കരാറെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള അവസരം നൽകുകയാണ് ഒബാമ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



