പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട അമേരിക്കൻ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി ഇറാനിയൻ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.). യു.എസും ഇസ്രയേലും നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കുള്ള മറുപടിയായി ഈ കമ്പനികളെ ലക്ഷ്യങ്ങളായി പരിഗണിക്കുമെന്ന് ഐ.ആർ.ജി.സി. പറഞ്ഞു.

കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അമേരിക്കൻ ഐ.ടി. കമ്പനികളും നിർമിത ബുദ്ധി (AI) കമ്പനികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഐ.ആർ.ജി.സി. പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നടത്തുന്ന ഓരോ ഭീകരവാദ പ്രവർത്തനത്തിനും പകരമായി ഈ കമ്പനികളുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ആക്രമിക്കപ്പെടുമെന്ന് ഐ.ആർ.ജി.സി. പ്രഖ്യാപിച്ചതായി പ്രസ് ടി.വി. റിപ്പോർട്ട് ചെയ്തു.

യുദ്ധം മുറുകിയതോടെ ഗൾഫ് മേഖലയിലെ യു.എസ്. കമ്പനികളുടെ നിക്ഷേപം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. ഈ മാസം ആദ്യം യു.എ.ഇ.യിലെ ആമസോൺ വെബ് സർവീസസിന്റെ ഡേറ്റാ സെന്ററുകളിൽ ഡ്രോണുകൾ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചിരുന്നു. സംഘർഷം മുന്നോട്ടുപോവുന്നത് മേഖലയിലെ അത്യാധുനിക ഡേറ്റാ സെന്ററുകളുടെയും ഐ.ടി. ഇൻഫ്രാസ്ട്രക്ചറിന്റെയും സുരക്ഷ ഭീഷണിയിലാക്കുകയാണ്. നിർമിത ബുദ്ധി (AI) അധിഷ്ഠിത പദ്ധതികൾക്കായി ഈ മേഖലയിൽ യു.എസ്. കമ്പനികൾ ഇതിനകം കോടികൾ മുടക്കിയിട്ടുണ്ട്.

ഈ ആശങ്കകൾ വർധിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ യു.എസ്. ടെക് കമ്പനികളെ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഈ മേഖലയിലെ സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന ഇന്റർനെറ്റ് കേബിളുകളെ ഇറാൻ ലക്ഷ്യമിടുമെന്ന ആശങ്കയും ശക്തമാണ്.