അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ബില്ലിൽ ഒപ്പുവെക്കാൻ ഒരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു ട്രില്യൺ ഡോളർ (ഏകദേശം 84 ലക്ഷം കോടി രൂപ) വാർഷിക ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ആധുനികവൽക്കരിക്കാനും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാനുമാണ് ഈ റെക്കോർഡ് തുക നീക്കിവെച്ചിരിക്കുന്നത്. 

ട്രംപ് ഭരണകൂടം വിഭാവനം ചെയ്ത ഈ ബില്ല് വൈറ്റ് ഹൗസിലേക്ക് അയച്ചു കഴിഞ്ഞു. സൈനികരുടെ ശമ്പളത്തിൽ നാല് ശതമാനം വർദ്ധനവ് വരുത്തുന്നതിനോടൊപ്പം അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണത്തിനും ഗവേഷണത്തിനും ഈ തുക വിനിയോഗിക്കും.

‘ഗോൾഡൻ ഡോം’ (Golden Dome) എന്ന് പേരിട്ടിരിക്കുന്ന അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി വലിയൊരു തുക ബില്ലിൽ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ കപ്പൽ നിർമ്മാണം, സൈബർ സുരക്ഷ, ബഹിരാകാശ സൈനിക വിഭാഗത്തിന്റെ നവീകരണം എന്നിവയ്ക്കും മുൻഗണന നൽകുന്നു. അതേസമയം, മെക്സിക്കൻ അതിർത്തിയിൽ സൈനിക വിന്യാസത്തിനും കുടിയേറ്റ നിയന്ത്രണത്തിനും ഈ തുക ഉപയോഗിക്കുമെന്നത് ശ്രദ്ധേയമാണ്. 

സൈന്യത്തിലെ ‘വോക്ക്’ (Woke) നയങ്ങൾക്കെതിരെയുള്ള കർശനമായ നീക്കങ്ങളും ഇതിന്റെ ഭാഗമാണ്. അമേരിക്കയെ ലോകത്തെ ഏറ്റവും ശക്തമായ സൈനിക ശക്തിയായി നിലനിർത്തുക എന്നതാണ് ഈ ബില്ലിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.