ഇറാനുമായുള്ള നിർണായകമായ ആണവ ചർച്ചകൾക്ക് ഒമാൻ തലസ്ഥാനമായ മസ്‌കറ്റ് വേദിയാകാനിരിക്കെ, പശ്ചിമേഷ്യയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കത്തിന് മടിക്കില്ലെന്ന ശക്തമായ സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്. ഇതിന്റെ ഭാഗമായി യുഎസ് നേവിയുടെ ‘എബ്രഹാം ലിങ്കൺ’ വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട യുദ്ധക്കപ്പൽ വ്യൂഹം അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇറാൻ വിഷയത്തിൽ നയതന്ത്രപരമായ പരിഹാരത്തിനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.

ഒമാനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ അനുകൂലമായ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇറാൻ്റെ ആണവ ശേഷി ‘പൂജ്യം’ ആയിരിക്കണമെന്ന കർശന നിലപാടിലാണ് ട്രംപ്. ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഒരു കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ ട്രംപിന് മുന്നിൽ സൈനിക നടപടികളടക്കം നിരവധി മാർഗങ്ങളുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ചൊവ്വാഴ്ച അറബിക്കടലിൽ യുഎസ് കപ്പലിന് നേരെ പ്രകോപനപരമായി എത്തിയ ഇറാനിയൻ ഡ്രോൺ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ ഇരട്ടിച്ചിരിക്കുകയാണ്.

ചർച്ചകളിൽ തർക്കവിഷയങ്ങൾ ഇവ

വെള്ളിയാഴ്ച മസ്‌കറ്റിൽ ആരംഭിക്കുന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്:

 * അമേരിക്കയുടെ ആവശ്യം: ആണവ പദ്ധതികൾക്ക് പുറമെ ഇറാന്റെ മിസൈൽ പ്രോഗ്രാം, പ്രാദേശിക സ്വാധീനം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയും ചർച്ച ചെയ്യണം.

 * ഇറാൻ്റെ നിലപാട്: ചർച്ചകൾ ആണവ വിഷയത്തിൽ മാത്രമായി പരിമിതപ്പെടുത്തണം.

ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തും.
ശക്തിപ്രകടനവുമായി ഇരുപക്ഷവും ചർച്ചകൾക്ക് തൊട്ടുമുമ്പ് തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഇറാൻ ‘ഖുറംഷഹർ-4’ എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. മറുഭാഗത്ത്, ആയിരക്കണക്കിന് അധിക സൈനികരെയും യുദ്ധക്കപ്പലുകളെയും നിരീക്ഷണ വിമാനങ്ങളെയും അമേരിക്ക മേഖലയിൽ എത്തിച്ചു കഴിഞ്ഞു.

ലോകരാജ്യങ്ങളുടെ ആശങ്ക

മേഖലയിലെ സാഹചര്യം യുദ്ധത്തിലേക്ക് നീങ്ങുന്നതിൽ തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവർ ആശങ്ക രേഖപ്പെടുത്തി. ചൈനയും വിഷയത്തിൽ സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾ ഇറാന്റെ പ്രത്യാക്രമണം ഭയന്ന് അതീവ ജാഗ്രതയിലാണ്.