ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് (എൽ.ഒ.സി.) സമീപമുള്ള സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണയും അർജുൻ ജാദവ് രാജീന്ദ്രയുമാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ഉറിയിലെ കമൽകോട്ട് മേഖലയിലുള്ള സൈനിക ക്യാമ്പിലാണ് സ്ഫോടനം ഉണ്ടായത്. അബദ്ധത്തിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.
പരിക്കേറ്റ സൈനികരെ വ്യോമമാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുൻപേ തന്നെ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.



