തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസ് മന്ത്രിമാരിൽ കൂടുതൽ പേരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവർ. കോണ്‍ഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടു പേരും കെ.സിയെ അനുകൂലിക്കുന്നവരാണ്. വി.ഡി. സതീശനെ അനുകൂലിക്കുന്ന വരിൽ രണ്ടുപേര്‍ മാത്രമാണ് മന്ത്രിസഭയില്‍ ഇടം നേടിയത്-മുതിര്‍ന്ന നേതാവ് കെ. മുരളീധരനും അങ്കമാലിയില്നിന്നുള്ള റോജി എം. ജോണും. മുഖ്യമന്ത്രിപ്പോരാട്ടത്തിൽ തഴയപ്പെട്ട രമേശ് ചെന്നിത്തലയെ സുപ്രധാന വകുപ്പായ ആഭ്യന്തരവും വിജിലൻസും നൽകിയാണ് അനുനയിപ്പിച്ചത്.
ഒന്നര ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവർ പ്രധാന വകുപ്പുകൾ നേടി. കെപിസിസി മുന്‍ പ്രസിഡന്റ് കൂടിയായ കെ. മുരളീധരനെ വൈദ്യുതി വകുപ്പിലേക്ക് ഒതുക്കാനുള്ള നീക്കമുണ്ടായതോടെ അദ്ദേഹം ശക്തമായ പ്രതിഷേധമുയർത്തി.
മുരളി ലക്ഷ്യമിട്ട ആരോഗ്യ വകുപ്പ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ പടനായകനായ എ.പി. അനില്‍കുമാറിന് നൽകാനായിരുന്നു നീക്കം. വൈകുന്നേരത്തോടെ മുരളി പ്രതിഷേധം അറിയിച്ചതോടെ ആരോഗ്യവകുപ്പ് അദ്ദേഹത്തിനു നല്കാൻ ധാരണയായി.
എ.പി. അനില്‍കുമാറിനെ കൂടാതെ മന്ത്രിസഭയിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. ലിജു, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവരെല്ലാം കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ ഒ.ജെ. ജനീഷ്, ഷാഫി പറമ്പിലിന്റെ നോമിനിയാണ്.
ഷാഫി കെ.സി. വേണുഗോപാലിനെയാണ് അനുകൂലിക്കുന്നത്. മന്ത്രിസഭയിലെത്തിക്കാന്‍ സതീശന് ലക്ഷ്യമിട്ടിരുന്ന വി.ടി. ബൽറാം, എം. വിന്‍സന്റ്, ചാണ്ടി ഉമ്മന്‍, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവരെല്ലാം പുറത്തായി. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഷാനിമോൾക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാനായത് വി.ഡി. വിഭാഗത്തിന് ആശ്വാസമായി.
തര്‍ക്കത്തിനൊടുവില്‍ സണ്ണി ജോസഫിന് റവന്യുവും എം. ലിജുവിന് സഹകരണ, എക്സൈസ് വകുപ്പുകളും പി.സി. വിഷ്ണുനാഥിന് സാംസ്കാരികം, ടൂറിസം വകുപ്പുകളും ടി. സിദ്ദിഖിന് വനം വകുപ്പും നേടിയെടുക്കാനായി. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികനീതി, വനിതാക്ഷേമവും കെ.എ. തുളസിക്ക് പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പുകളും ലഭിച്ചിട്ടുണ്ട്.
വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ടി. സിദ്ദിഖ് മന്ത്രിസഭയിലെത്തിയത്. ഐ.സി. ബാലകൃഷ്ണന്റെ പേരും പ്രിയങ്ക ശിപാര്‍ശ ചെയ്തിരുന്നതായാണ് സൂചന. രമേശ് ചെന്നിത്തലയും ഐ.സി. ബാലകൃഷ്ണന്റെ പേര് നിര്‍ദേശിച്ചിരുന്നു. ഇതോടെ ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷത്തിനു ശേഷം ഇദ്ദേഹം മന്ത്രിസഭയിലെത്തും. കെ.എ. തുളസിക്കു പകരമാണ് ഐ.സി. ബാലകൃഷ്ണന് എത്തുന്നതെന്നാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
തര്‍ക്കത്തത്തുടര്‍ന്ന് മുഖ്യമന്ത്രിയെ പതിനൊന്നാം ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും ചര്‍ച്ചയിലൂടെ കണ്ടെത്താന്‍ വി.ഡി. സതീശനായി.
കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുമായും എഐസിസി പ്രതിനിധികളുമായും കൂടിയാലോചിച്ചാണ് മന്ത്രിമാരെ കണ്ടെത്തിയതെന്നാണ് വി.ഡി. സതീശന് പറയുന്നത്. സാമൂഹികവും പ്രാദേശികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മന്ത്രിമാരെ കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.



