ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയില്‍ മദ്യപാനികളുടെ ശല്യം സഹിക്കവയ്യാതെ നൂറിലധികം സ്ത്രീകള്‍ ചേർന്ന് മദ്യശാലകള്‍ തല്ലിത്തകർത്തു. ലളിത്പൂരിലെ മഹ്രോണി മേഖലയിലാണ് സംഭവം. രണ്ട് മദ്യശാലകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഏകദേശം 15 ലക്ഷം രൂപയുടെ മദ്യം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.

ഗ്രാമപ്രദേശങ്ങളില്‍ മദ്യശാലകള്‍ വർധിച്ചതോടെ പുരുഷന്മാർക്കിടയില്‍ മദ്യപാനം കൂടുകയും, ഇത് പൊതുസ്ഥലങ്ങളിലെ ശല്യത്തിനും ഗാർഹിക പീഡനങ്ങള്‍ക്കും കാരണമാകുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

കുടുംബത്തിന്റെ വരുമാനം മുഴുവൻ മദ്യത്തിനായി ചെലവാക്കുന്നത് നിത്യജീവിതത്തെ ബാധിക്കുന്നുവെന്നും സ്ത്രീകള്‍ പരാതിപ്പെട്ടു. അധികൃതർക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് സ്ത്രീകള്‍ നിയമം കൈയ്യിലെടുത്തത്.

ആദ്യം റോഡ് ഉപരോധിച്ച സ്ത്രീകള്‍ പിന്നീട് മദ്യശാലകളിലേക്ക് ഇരച്ചുകയറുകയും കുപ്പികള്‍ റോഡിലേക്ക് എറിഞ്ഞുടയ്ക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളായ ചില പുരുഷന്മാരും സ്ത്രീകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.