സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗം അയത്തുള്ളയെ പുറത്താക്കുക എന്നതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തതായി യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതിന് ഒരു ദിവസത്തിന് ശേഷം ഈ പ്രസ്താവന 

ഇരുപക്ഷവും പരസ്പരം മിസൈലുകള്‍ വര്‍ഷിക്കുകയും, സാധാരണക്കാരെ പോലും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ പരാമര്‍ശം. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായെന്നും, ദീര്‍ഘകാലത്തേക്ക് തയ്യാറെടുക്കാന്‍ ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് പറഞ്ഞിട്ടുണ്ടെന്നുമാണ് വിശകലന വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അയത്തുള്ളയെ പുറത്താക്കുന്നത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നില്ല, സംഘര്‍ഷം അവസാനിപ്പിക്കും. ഇറാന്‍ ആഗ്രഹിക്കുന്നത് ശാശ്വത യുദ്ധം ആണ്. അവര്‍ നമ്മളെ ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുകയാണ്. വാസ്തവത്തില്‍ ഇസ്രായേല്‍ ചെയ്യുന്നത് ഇത് തടയുകയാണ്. ഈ ആക്രമണം അവസാനിപ്പിക്കുക എന്നതാണ്. തിന്മയുടെ ശക്തികളെ ചെറുത്തുനില്‍ക്കുന്നതിലൂടെ മാത്രമേ നമുക്ക് അത് ചെയ്യാന്‍ കഴിയൂ’ എന്ന് കൂട്ടിച്ചേര്‍ത്തു.’ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക കാരണം പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ നെതന്യാഹു എബിസി ന്യൂസിനോട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബത്തെയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക്, ഇറാനിലെ ഒരു അജ്ഞാത പ്രദേശത്തുള്ള ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പരമോന്നത നേതാവിനെ സംരക്ഷിക്കുന്നു. തിങ്കളാഴ്ച രാത്രി വരെ അദ്ദേഹം സുരക്ഷിതനാണ്. സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയും സൈന്യത്തിന് ഉത്തരവുകള്‍ നല്‍കുകയും ചെയ്യുന്നു.

ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്ത വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ്. ട്രംപ് ഭരണകൂടത്തിലെ പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അവര്‍ ഇത് സ്ഥിരീകരിച്ചത്.