രേ ദിവസം രണ്ട് ആഡംബര വാഹനങ്ങൾ സ്വന്തമാക്കി മലയാളത്തിന്റെ യുവനടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് എന്നീ രണ്ട് വാഹനങ്ങളാണ് ഉണ്ണി മുകുന്ദന്റെ ഗ്യാരേജിൽ എത്തിയിരിക്കുന്ന രണ്ട് ആഡംബര വാഹനങ്ങൾ. ഇതിൽ മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക് ജെസിഡബ്ല്യു പാക്ക് കേരളത്തിലെ തന്നെ ആദ്യത്തെ വാഹനമാണെന്നതും സുപ്രധാന സവിശേഷതയാണ്.

ലാൻഡ് റോവർ ഡിഫൻഡർ മുമ്പുതന്നെ ഉണ്ണി മുകുന്ദന്റെ ഗ്യാരേജിൽ എത്തിയിട്ടുള്ള വാഹനമാണ്. 1.09 കോടി രൂപ എക്സ്ഷോറൂം വിലയുള്ള പെട്രോൾ എൻജിൻ ഡിഫൻഡറാണ് പുതുതായി ഉണ്ണി മുകുന്ദന്റെ വാഹന ശേഖരത്തിൽ എത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. മിനി കൺട്രിമാൻ ഇലക്ട്രിക് ജെസിഡബ്ല്യുവിന് 62 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 

ഡിഫൻഡർ 110 പതിപ്പാണ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ഈ വാഹനം 296 ബിഎച്ച്പി പവറും 400 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡിഫൻഡർ മോഡലിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന എച്ച്എസ്ഇ വേരിയന്റാണ് ഉണ്ണി മുകുന്ദനും സ്വന്തമാക്കിയിട്ടുള്ളത്. പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ എന്നിങ്ങനെ നീളും ഇതിലെ ഫീച്ചറുകൾ.

കൂടുതൽ കരുത്തുള്ളതും എന്നാൽ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആർക്കിടെക്ച്ചറിൽ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫൻഡർ നിർമിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ചാണ് ഈ വാഹനം ഇന്ത്യയിൽ എത്തിയിട്ടുള്ളത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീൽബേസുമാണ് ഡിഫൻഡറിലുള്ളത്. ഡിഫൻഡർ 90, 110, 130 എന്നീ വകഭേദങ്ങളിൽ ഈ വാഹനം എത്തുന്നുണ്ട്.

മിനി കൂപ്പർ കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക് മോഡൽ ആദ്യമായി കേരളത്തിലെത്തിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഇന്ത്യയിൽ തന്നെ 20 എണ്ണം എത്തുന്ന വാഹനത്തിൽ ഒന്നാണ് നടന് ലഭിച്ചിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ്ങിൽ കേരളത്തിൽ എത്തിയിട്ടുള്ള ഒരേയൊരു ഇലക്ട്രിക് കൺട്രിമാൻ ജെഎസ്ഡബ്ല്യുവും ഇതാണെന്നാണ് സൂചന. അഡാസ് ലെവൽ-2 സുരക്ഷ സംവിധാനങ്ങളുടെ ഉൾപ്പെടെ സുരക്ഷ അകമ്പടിയോടെ എത്തുന്ന വാഹനമാണ് മിനിയുടെ ഈ ഇലക്ട്രിക് പതിപ്പ്.