ദുബായ്: യുഎഇയിലെ മലയാളി പ്രവാസികൾക്കിടയിൽ നിന്ന് എപ്പോഴും കേൾക്കുന്ന ഒരു പരാതിയുണ്ട്, ഇവിടെ നിയമങ്ങളെല്ലാം കമ്പനികൾക്കും തൊഴിലുടമകൾക്കും വേണ്ടിയാണെന്നും സാധാരണക്കാരായ തൊഴിലാളികൾക്ക് എന്നും സങ്കടം മാത്രമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ 2025-ൽ പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ ഈ ധാരണയെ പൂർണ്ണമായും തിരുത്തിക്കുറിക്കുന്നു.

അതായത് യുഎഇയിലെ തൊഴിൽ വിപണിയിൽ ഇപ്പോൾ നടക്കുന്നത് തൊഴിലാളികളുടെ വലിയൊരു നിശബ്ദ വിപ്ലവമാണ്. മുൻപത്തെപ്പോലെയല്ല, തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ഭയമില്ലാതെ പ്രതികരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ട കൃത്യമായ കണക്കുകൾ നോക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി ആളുകളാണ് തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി നൽകിയിട്ടുള്ളത്. 2025-ൽ മാത്രം പതിനേഴായിരത്തിലധികം തൊഴിലാളികളാണ് അവകാശങ്ങൾക്കായി ‘സീക്രട്ട് കംപ്ലൈന്റ് നൽകിയിട്ടുള്ളത്.

എന്നാൽ നിരന്തരം തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കാൻ യുഎഇ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിക്കുമ്പോൾ മറുവശത്ത് ഇത് ഒന്നും നടപ്പിലാകുന്നില്ല എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പണ്ട് ഒരു പരാതി നൽകാൻ പലരും ഭയപ്പെട്ടിരുന്നു. പരാതി നൽകിയാൽ ഉടനെ ജോലി പോകുമോ, കമ്പനി പ്രതികാരം ചെയ്യുമോ എന്നതായിരുന്നു പേടി.

എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ യുഎഇ മന്ത്രാലയം കൊണ്ടുവന്ന രഹസ്യ പരാതി സംവിധാനം വലിയ വിജയമായിരിക്കുകയാണ്. കൂടാതെ ഇത് വഴി പരാതിക്കാരെ സമ്മർദ്ദത്തിലാക്കാതെയും അവരുടെ ജോലിക്ക് തടസ്സം വരാതെയും ലംഘനങ്ങൾ പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നുണ്ട്. വെറുമൊരു ജീവനക്കാരൻ എന്ന നിലയിൽ നിന്ന് മാറി, രാജ്യത്തെ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിൽ പങ്കാളികളാകാൻ തൊഴിലാളികൾക്ക് സാധിക്കുന്നു.

അതേസമയം തൊഴിലാളികൾ മാത്രമല്ല ചുറ്റുമുള്ള സമൂഹവും ഇപ്പോൾ ഈ മാറ്റത്തിൽ പങ്കുചേരുന്നുണ്ട്. കാരണം അനുചിതമായ തൊഴിൽ രീതികൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വർഷം മാത്രം 4,000 ത്തിലധികം കമ്മ്യൂണിറ്റി റിപ്പോർട്ടുകളാണ് ഇത്തരത്തിൽ ലഭിച്ചത്.

വെയിലത്ത് പണിയെടുപ്പിക്കുന്നതോ, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതോ കണ്ടാൽ ആർക്കും മന്ത്രാലയത്തെ അറിയിക്കാൻ സാധിക്കുകയും ഇത് വഴി തൊഴിൽ ഉടമകൾക്ക് നേരെ നടപടി സ്വീകരിക്കാനും അനുമതിയുണ്ട്. കൂടാതെ ഇത് തൊഴിലുടമകളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയും ചെയ്‌യുന്നു.