ദുബായ്: 2026 പുതുവർഷം ആഘോഷിക്കാൻ ദുബായ് ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ റെക്കോർഡുകൾ തകർക്കുന്ന വെടിക്കെട്ടുകൾ, അത്യാധുനിക ഡ്രോൺ ഷോകൾ, വർണ്ണാഭമായ ലേസർ പ്രദർശനങ്ങൾ എന്നിവ ഉണ്ടാകും. ഈ ദിവസം തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി.

കൂടാതെ തിരക്ക് കണക്കിലെടുത്തും പൊതുജനങ്ങൾക്ക് ആഘോഷങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനുമായി ദുബായ് നഗരത്തിലെ പ്രധാന പാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നീട്ടി. ഇത്തവണത്തെ പുതുവത്സരാഘോഷങ്ങളിലെ പ്രധാന ആകർഷണം ദുബായ് ഫ്രെയിം ആയിരിക്കും.

ഇത്തവണ അതിശയിപ്പിക്കുന്ന വെടിക്കെട്ടുകളും ഡ്രോൺ ഷോയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് എന്നാണ് അധികൃതർ അറിയിച്ചത്. ഡിസംബർ 31 ന് രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ ദുബായ് ഫ്രെയിം സന്ദർശകർക്കായി തുറന്നിരിക്കും. ദുബായ് ഫ്രെയിമിൽ എത്തുന്നവർക്ക് അവിടെയുള്ള വെടിക്കെട്ടിന് പുറമെ ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗവും ദൂരെ നിന്നും ആസ്വദിക്കാം.

അതേസമയം പുതുവത്സര രാവായ ഡിസംബർ 31 നും ജനുവരി 1 നും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാൻ പാർക്കുകളിൽ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. അൽ സഫ പാർക്ക്, സബീൽ പാർക്ക് എന്നിവ രാവിലെ 8 മണി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും. ക്രീക്ക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക്, അൽ മംസാർ പാർക്ക് എന്നിവ അർധരാത്രി 12 മണി വരെ തുറന്നിരിക്കും.

കൂടാതെ വിവിധ താമസ മേഖലകളിലെ ചെറിയ പാർക്കുകളും പ്ലാസകളും രാവിലെ 8:00 മുതൽ രാത്രി 12:00 വരെ പ്രവർത്തിക്കും. ഇതിനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്. ദുബായിലെ വിവിധ തടാക പാർക്കുകൾ ഡിസംബർ 31 ന് പുലർച്ചെ 1 മണി വരെ തുറന്നിരിക്കും. ഹട്ടയിലെ ലീം ലേക്ക്, അൽ വാദി പാർക്ക് തുടങ്ങിയ പ്രധാന പോണ്ട് പാർക്കുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ആയിരക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങളിലെ സമയക്രമം അനുസരിച്ച് ഒന്നിലധികം കൗണ്ട്‌ഡൗണുകളും വെടിക്കെട്ടുകളും നടക്കും. സാംസ്കാരിക പ്രകടനങ്ങളും വൈവിധ്യമാർന്ന ഭക്ഷണശാലകളും ഗ്ലോബൽ വില്ലേജിനെ പ്രിയപ്പെട്ട ഇടമാക്കി മാറ്റും.