ദുബായ്: 2026 പുതുവത്സരത്തെ വരവേൽക്കാൻ ദുബായ് നഗരം ഒരുങ്ങി കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരം ആഘോഷിക്കാനായി ഇത്തവണ എത്തുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കാൻ ‘ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി’ ആരംഭിച്ചു.
നഗരത്തിലുടനീളം 40 സ്ഥലങ്ങളിലായി 48 വെടിക്കെട്ട് പ്രദർശനങ്ങളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ സുരക്ഷയ്ക്കായി ദുബായ് പോലീസ് ഏകദേശം 10,000 ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് പുറത്ത് വരുന്ന വിവരം. കൂടാതെ 600 ലധികം പട്രോളിംഗ് വാഹനങ്ങളും റെസ്ക്യൂ ബോട്ടുകളും സമുദ്ര തീരദേശ മേഖലകളിൽ സുരക്ഷയ്ക്കായി ഉണ്ടാക്കും.
ഒപ്പം 1,700 ഓളം ഉദ്യോഗസ്ഥരും 165 അഗ്നിശമന വാഹനങ്ങളും 236 ആംബുലൻസുകളും 600 ലധികം പാരാമെഡിക്കൽ ജീവനക്കാരും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ പോയിന്റുകളിൽ സജ്ജമാകും. ഡൗണ്ടൗൺ ദുബായ് കേന്ദ്രീകരിച്ചാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. അതിനാൽ ഡിസംബർ 31 ന് വൈകുന്നേരം മുതൽ വിവിധ റോഡുകൾ ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് ആർടിഎയും പ്രഖ്യാപിച്ചു.



