സുഡാനിലെ എൽ-ഫാഷർ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൂട്ടക്കൊലകളെക്കുറിച്ച് പുതിയതും സ്വതന്ത്രവുമായ അന്വേഷണത്തിന് യുഎൻ മനുഷ്യാവകാശ കൗൺസിൽ ഏകകണ്ഠമായി പിന്തുണ നൽകി. രണ്ടുവർഷങ്ങൾക്കു മുമ്പ് ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം ഒന്നരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഏകദേശം 12 ദശലക്ഷം പേർ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, എൽ-ഫാഷറിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടവരെയും നടപ്പിലാക്കിയവരെയും തിരിച്ചറിയുന്നതിനാണ് പുതിയ അന്വേഷണം.
“ഞങ്ങളുടെ ആഹ്വാനങ്ങൾ ആരും ശ്രദ്ധിച്ചില്ല. എൽ-ഫാഷറിലെ രക്തക്കറകളുടെ ഉപഗ്രഹ ചിത്രങ്ങളുണ്ട്.” യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ജനീവയിൽ നടന്ന അടിയന്തര യോഗത്തിൽ പറഞ്ഞു. സുഡാനിലെ യുദ്ധം മൂലം ലാഭം കൊയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും ടർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സംഘർഷത്തിന് സ്പോൺസർ ചെയ്യുന്ന മറ്റു രാജ്യങ്ങളെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്.
അതേസമയം, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) അർധസൈനിക ഗ്രൂപ്പിന് ആയുധങ്ങൾ അയച്ചതായി യുഎഇക്കെതിരെ ആരോപണമുണ്ട്. ഇറാനും സുഡാൻ സൈന്യത്തിന് ചില ആയുധങ്ങൾ നൽകിയിട്ടുണ്ട്. 18 മാസത്തെ ഉപരോധത്തെത്തുടർന്ന് കഴിഞ്ഞ മാസം ആർഎസ്‌എഫ്, എൽ-ഫാഷർ നഗരം പിടിച്ചെടുത്തു. ഡാർഫറിലെ സൈന്യവും സഖ്യകക്ഷികളും കൈവശം വച്ചിരുന്ന അവസാന നഗരമായിരുന്നു അത്



