ബെർലിൻ: അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് യൂറോപ്യൻ രാജ്യങ്ങളും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയും. യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്ത സെലൻസ്കി, യുക്രൈന്‍റെ അവകാശങ്ങൾക്ക് വേണ്ടിയാണ് വാദിച്ചത്. ഇതിനെ ജർമൻ ചാൻസലർ അടക്കം ശക്തമായി പിന്തുണക്കുകയായിരുന്നു. യുക്രൈൻ – റഷ്യ വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാടാണ് സെലൻസ്കി ചർച്ചയിൽ ഉയർത്തിയത്. ആദ്യം വെടിനിർത്തൽ, പിന്നെയാകാം സമാധാന കരാർ എന്ന സെലൻസ്കിയുടെ നിലപാടിനെ യൂറോപ്യൻ നേതാക്കളും പിന്തുണക്കുകയായിരുന്നു.

റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്താൻ തീരുമാനിച്ച അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായാണ് വെർച്വൽ യോഗം ചേർന്നത്. ട്രംപിനൊപ്പം സെലെൻസ്കിയും യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും വെർച്വൽ യോഗത്തിൽ പങ്കെടുത്തു. ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ കൂടിക്കാഴ്ചയിൽ യുക്രൈന്റെയും യൂറോപ്പിന്റെയും ആശങ്കകൾ ഉന്നയിക്കപ്പെട്ടു. യുക്രൈന്റെ പരമാധികാരവും സുരക്ഷാ ഉറപ്പുകളും ഉറപ്പാക്കണമെന്നും, റഷ്യയുടെ കൈവശമുള്ള യുക്രൈൻ പ്രദേശങ്ങളുടെ നിയമപരമായ അംഗീകാരം ഉണ്ടാകരുതെന്നും മെർസ്, ട്രംപിനോട് ആവശ്യപ്പെട്ടു. യുക്രൈനെ ഒഴിവാക്കിയുള്ള ചർച്ചകൾ ഫലപ്രദമാകില്ലെന്ന് സെലെൻസ്കിയും മുന്നറിയിപ്പ് നൽകി. അലാസ്ക യോഗത്തിൽ യുക്രൈനും പ്രാതിനിധ്യം വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

വെടിനിർത്തലിന് പ്രസിഡന്റ് ട്രംപ് പിന്തുണ നൽകിയെന്നാണ് യോഗത്തിന് ശേഷം സെലൻസ്കി അഭിപ്രായപ്പെട്ടത്. യുക്രൈനും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ്. അത് യുക്രൈനിൽ സമാധാനം, യൂറോപ്പിൽ സമാധാനം എന്നത് മാത്രമാണെന്നും സെലെൻസ്കി ആവർത്തിച്ചു. റഷ്യ അലാസ്കയിൽ ഒരു വെടിനിർത്തലിന് തയ്യാറാകുന്നില്ലെങ്കിൽ ഉപരോധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിൻ വെറുതെ പറയുകയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും, ഉപരോധങ്ങൾ റഷ്യയുടെ യുദ്ധ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.