നിലനില്ക്കുന്ന സമാധാനമാണ് ഉക്രൈനിൽ സ്ഥാപിക്കപ്പെടേണ്ടതെന്നും ഏകാധിപതികൾക്ക് അതിൽ താത്പര്യമില്ലെന്നും ഉക്രൈനിലെ കീവ് – ഗലീസിയയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാതോസ്ലേവ് ഷെവ്ചുക് വാഷിംഗ്ടണിൽ പറഞ്ഞു. “പുടിന്റെ ലക്ഷ്യം വ്യക്തമാണ്. ഉക്രൈനിലെ ജനങ്ങളെയും അവിടത്തെ സഭയെയും ഉക്രൈനെത്തന്നെയും തുടച്ചു നീക്കുക എന്നതാണ്.” വാഷിംഗ്ടണിൽ സന്ദർശനം നടത്തുന്ന ഉക്രൈനിലെ കത്തോലിക്ക സഭയുടെ തലവനായ പാത്രിയർക്കീസ് സ്വിയാതോസ്ലേവ് ഷെവ്ചുക് പറഞ്ഞു.

“ഇതൊരു ജീവൻ മരണ പോരാട്ടത്തിന്റെ കാര്യമാണ്. ഉക്രൈനെ കീഴടക്കുന്നതിൽ റഷ്യ വിജയിച്ചാൽ അവിടത്തെ സഭ നിലനില്ക്കില്ല. പൗരസ്ത്യ കത്തോലിക്കർ ജീവിക്കുന്ന സ്ഥലങ്ങളിൽ റഷ്യ അധിനിവേശം നടത്തിയപ്പോഴൊക്കെ റഷ്യൻ ഓർത്തഡോക്സ് സഭയിൽ ചേരാൻ അവർ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം അവരെ നാടുകടത്തുകയോ തടങ്കൽപാളയങ്ങളിൽ നരകയാതനകൾക്കായി എൽപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് ചരിത്രം സാക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യു എസ് റഷ്യയുമായി നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സൗദിയിൽ വച്ച് നടന്ന ആദ്യ യോഗത്തിൽ ഉക്രൈൻ പ്രതിനിധികൾ ഉണ്ടായിരുന്നില്ല.

ഉക്രൈന് നൽകികൊണ്ടിരിക്കുന്ന സൈനീക സഹായം പിൻവലിക്കാനുള്ള തീരുമാനം ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. ജയിക്കാൻ കഴിയാത്ത ഒരു യുദ്ധത്തിന് 350 ബില്യൺ ഡോളർ മുടക്കാൻ യു എസിനെ പ്രേരിപ്പിച്ച കൊമേഡിയൻ ആണ് ഉക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി എന്ന് ഫെബ്രുവരി 19-ാം തീയതി ട്രംപ് ‘എക്സി’ൽ കുറിച്ചിരുന്നു.

യുദ്ധം നീണ്ടു പോകുന്നതിൽ ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കിയെ കുറ്റപ്പെടുത്തിയ ട്രംപിന്റെ വാക്കുകൾ റഷ്യൻ പ്രൊപ്പഗാന്തയുടേതാണ് എന്ന് പാത്രിയർക്കീസ് പറഞ്ഞു. ഉക്രൈന്റെയും അവിടെയുള്ള സഭയുടെയും ഭാവി സ്ഥിരമായ സമാധാനത്തിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നും അദ്ദേഹം പറയുന്നു. റഷ്യൻ അധിനിവേശം മൂലം ഉക്രൈൻ ജനത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പാത്രിയർക്കീസ് സ്വിയാതോസ്ലേവ് ഷെവ്ചുക് വാഷിംഗ്ടണിലെ ഹുഡ്സൺ ഇൻറ്റിറ്റ്യൂട്ടിൽ വച്ച് സംസാരിച്ചു.

2022 ഡിസംബറിൽ റഷ്യൻ അധികാരികൾ, ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. കാരിത്താസ് ഉക്രൈൻ, നൈറ്റ്സ് ഓഫ് കൊളംബസ് എന്നിവയുടെ പ്രവർത്തനങ്ങളും മരവിപ്പിച്ചിരുന്നു. രണ്ട് ഉക്രൈൻ വൈദീകർ 18 മാസത്തോളം റഷ്യൻ തടങ്കലിൽ ക്രൂരപീഡനത്തിന് ഇരയായിരുന്നു. റോമിന്റെ ഇടപെടലിലാണ് അവർ മോചിതരായത്.

റഷ്യ കീഴടക്കിയ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ഉക്രൈൻ കുട്ടികളെ റഷ്യൻ സൈന്യം കടത്തിക്കൊണ്ടു പോയിട്ടുണ്ട്. അവരെ ചില റഷ്യൻ കുടുംബങ്ങളിലും അനാഥാലയങ്ങളിലും പുനർ- വിദ്യാഭ്യാസ ക്യാമ്പുകളിലും പാർപ്പിച്ചിരിക്കുകയാണ്. മിക്കവർക്കും പുതിയ പേരുകൾ നല്കി തങ്ങളുടെ ഉക്രൈൻ ഐഡന്റിറ്റി തന്നെ മറന്നു കളയാൻ നിർബന്ധിതരായിട്ടുണ്ട് എന്ന് പാത്രിയർക്കീസ് സ്വിയാതോസ്ലേവ് ഷെവ്ചുക് പറയുന്നു.