കേരളത്തിൽ തുടർഭരണം ഉറപ്പാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. 10 വർഷക്കാലം എൽഡിഎഫ് നടപ്പാക്കിയ കാര്യങ്ങൾ ഓർക്കുന്ന വോട്ടർക്ക് എൽഡിഎഫിന് അനുകൂലമല്ലാതെ വോട്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച അദ്ദേഹം വോട്ടെടുപ്പ് കഴിഞ്ഞതോടെ ടീം യുഡിഎഫിന്റെ യഥാർത്ഥ രൂപം പുറത്തുവന്നുവെന്നും ചൂണ്ടിക്കാട്ടി.

ഇങ്ങനെ തമ്മിലടിക്കുന്നവർക്ക് കേരളത്തെ എങ്ങനെയാണ് നയിക്കാൻ ആവുക എന്നും എം എ ബേബി ചോദിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരും. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയാകണമെന്നില്ലെന്ന് കഴിഞ്ഞ തവണ വ്യക്തമായതാണെന്നും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം മുമ്പ് നടന്ന എക്സിറ്റ് പോളിൽ പ്രവചിച്ചതിനെക്കാൾ 14 സീറ്റുകളാണ് എൽഡിഎഫിന് അധികം കിട്ടിയതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.