അബുദാബി: യുഎഇയിലെ മരുന്നുകളുടെ വില പുനർനിർണ്ണയിക്കാനും വിപണിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും ഫെഡറൽ നാഷണൽ കൗൺസിലിന്റെ തീരുമാനം. അന്താരാഷ്ട്ര വിപണികളേക്കാൾ യുഎഇയിൽ മരുന്നുകൾക്ക് വില കൂടുതലാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി.
രോഗികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ മന്ത്രാലയതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവിൽ സ്വകാര്യ ഫാർമസികളിലെ മരുന്നുകളുടെ വിലയും സർക്കാർ നൽകുന്ന വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കണ്ടെത്തുകയും അധികൃതർ സമ്മതിക്കുകയും ചെയ്തു.
ഇത് പരിഹരിക്കുന്നതിനായി ഇതിനോടകം തന്നെ വിപുലമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. മരുന്നുകളുടെ വില കുറയ്ക്കുന്നതിനും വിതരണം കൂടുതൽ ശക്തിപ്പെടുത്താനും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.
അതേസമയം പ്രാദേശിക നിർമ്മാണം അനിവാര്യമാണെന്ന് അറിയിച്ച് കൊണ്ട് എഫ്‌എൻസി അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തു. യുഎഇയിൽ നിർമ്മിക്കുന്ന മരുന്നുകൾ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്നും അതിനാൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നത് വിപണിയിലെ അമിത വില നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വ്യക്തമാകുന്നത്.
യുഎഇയിൽ ഫാർമസികളിൽ മരുന്നുകൾക്ക് ഒരേ വിലയല്ല ഈടാക്കുന്നതെന്ന പരാതികൾ വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തുകയും ശേഷം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. അതേസമയം ഇത് തടയാൻ വിപണിയിൽ ശക്തമായ നിരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്.
കോവിഡ് കാലത്തെ പോലെ ഡിമാൻഡ് കൂടുമ്പോൾ വില വർധിപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ കർശന നിയമങ്ങൾ കൊണ്ടുവരുമെന്നും അറിയിച്ചു. കൂടാതെ പുതിയ പരിഷ്കാരങ്ങൾ യുഎഇയിൽ പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവർക്കും വിലക്കുറവിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്നാണ് അധികൃതർ ഉറപ്പു തരുന്നത്. ഇതിനായി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് വില കുറയ്ക്കാനുള്ള നടപടികൾ ആരോഗ്യമന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായും വ്യക്തമാക്കി.



