ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനിൽ രഹസ്യമായി സൈനികാക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്. വിവരങ്ങൾ അറിയാവുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ഗൾഫ് മേഖലയിലും വൻ കോളിളക്കം സൃഷ്ടിക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎഇ രഹസ്യമായി ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ആദ്യം പേർഷ്യൻ ഗൾഫിലെ ഇറാൻ്റെ ലവൻ ദ്വീപിലുള്ള റിഫൈനറിക്ക് നേരെ നടന്ന ആക്രമണം ഇതിൽ ഉൾപ്പെടുന്നുവെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സൈനികാക്രമണങ്ങളെക്കുറിച്ച് യുഎഇ ഭരണകൂടം പരസ്യമായി പ്രതികരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.
മേഖലയിൽ ഇസ്രായേല്‍ – ഇറാൻ സംഘർഷങ്ങളും നയതന്ത്ര പ്രതിസന്ധികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ശീതസമരം ഈ റിപ്പോർട്ടോടെ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത. ദുബൈ ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിലെ വാണിജ്യ, സാമ്പത്തിക മേഖലകളെ ഇത്തരം സംഘർഷങ്ങൾ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.



