ദുബായ്: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്ന ഈ വേളയിൽ പൊതുജനങ്ങൾക്കായി ഷാർജ പോലീസിന്റെ മുന്നറിയിപ്പ്. അനധികൃത കാർ റാലികളിലോ ഘോഷയാത്രകളിലോ ഒത്തുചേരലുകളിലോ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
മുൻകൂർ പെർമിറ്റ് ഇല്ലാതെ ഇത്തരത്തിലുള്ള റാലികളിൽ പങ്കെടുക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്നും. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം ഈ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കുമെന്നും അറിയിച്ചു.
‘കമ്മ്യൂണിറ്റി കൾച്ചർ” എന്ന പേരിലുള്ള ക്യാമ്പയിനിലൂടെയാണ് പോലീസ് ഈയൊരു മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയത്. കൂടാതെ അംഗീകാരമില്ലാത്ത സ്ഥലത്തോ സമയത്തോ കൂട്ടം കൂടുന്നതും ഇതേ നിയമങ്ങൾ പ്രകാരം ശിക്ഷാർഹമാണ്. അതിനാൽ ആഘോഷങ്ങളുടെ ഭാഗമായി വാഹനമോടിക്കുന്നവർ മുൻകൂർ അനുമതി നിർബന്ധമായും തേടണം.
കൂടാതെ ആഘോഷവേളകളിൽ കുട്ടികളെ റോഡുകളിൽ നിന്ന് അകറ്റി നിർത്തണമെന്നും ഈക്കാര്യത്തിൽ കുടുംബാംഗങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് പ്രത്യേകം ആവശ്യപ്പെട്ടു. അതേസമയം റോഡ് സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ഉത്തരവാദിത്തത്തോടെ ആഘോഷിക്കേണ്ടതിന്റെയും പ്രാധാന്യം കൂടെ പോലീസ് വ്യക്തമാക്കി.
വാഹനങ്ങൾ അലങ്കരിക്കുന്നതിനും ആഘോഷങ്ങൾക്കുമായി ആഭ്യന്തര മന്ത്രാലയം ചില മാർഗ്ഗനിർദ്ദേശങ്ങൾ കൂടെ പുറത്തിറക്കിയിട്ടുണ്ട്. അംഗീകൃത അലങ്കാരങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവൂ. കൂടാതെ ലൈസൻസില്ലാത്ത സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കുന്നതും പരമാവധി ഒഴിവാക്കണം.
ഒത്തുചേരലുകൾ നടത്തുക, റോഡ് തടസ്സപ്പെടുത്തുക എന്നിവ യാതൊരു കാരണവശാലും അനുവദനീയമല്ല. കൂടാതെ വാഹനം ഓടിക്കുമ്പോൾ സ്റ്റണ്ടുകൾ കാണിക്കുക, തിരക്ക് കൂട്ടുക, ജനാലകളിൽ നിന്നോ സൺറൂഫുകളിൽ നിന്നോ ചാരി നിൽക്കുക തുടങ്ങിയ കാര്യങ്ങളും നിയമലംഘനമായി തന്നെ കണക്കാക്കും.
അതേസമയം യാത്രക്കാരുടെ എണ്ണം ഒരു പരിധിയിൽ കവിയരുത്. ശബ്ദമുണ്ടാക്കുന്നതോ ലൈസൻസില്ലാത്തതോ ആയ മാറ്റങ്ങൾ വാഹനത്തിൽ ഒരു കാരണവശാലും വരുത്തരുത്. ഒപ്പം ആഘോഷങ്ങൾക്കായി പാർട്ടി സ്പ്രേ ക്യാനുകൾ ഉപയോഗിക്കുന്നതും പൂർണമായും നിരോധിച്ചതായും മാർഗനിർദേശത്തിൽ വ്യക്തമാക്കി.
കൂടാതെ അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടകളും ഈ നിയമങ്ങൾ പാലിക്കുകയും ഒപ്പം യുഎഇയുടെ പതാകകളും വസ്തുക്കളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അറിയിച്ചു. ഈ ദേശീയ ദിനാഘോഷം സുരക്ഷിതമായും നിയമപരമായും നടത്താൻ എല്ലാ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ഷാർജ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.



