ദുബായ്: രണ്ടാഴ്ച പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധത്തിനു യാതൊരു ശമനവുമില്ല. ഇന്നലെ ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. പത്ത് ഇന്ത്യക്കാരടക്കം 11 പേര്‍ക്കു പരിക്കേറ്റു.
അല്‍-അവാഹി വ്യവസായ മേഖലയിലായിരുന്നു ആക്രമണം. മസ്കറ്റിനു സമീപം സോഹര്‍ നഗരത്തിലായിരുന്നു ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി (ഗള്‍ഫ് ഡിവിഷന്) അസീം മഹാജന് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനനയ്ക്കു ഗുരുതരമായി പരിക്കേറ്റെന്നും വികൃതമാക്കപ്പെട്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുദ്ധത്തിന്റെ ആരംഭത്തിൽത്തന്നെ മുജ്തബയ്ക്ക് പരിക്കേറ്റെന്നാണ് ഇസ്രയേൽ സംശയിക്കുന്നത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച രാത്രി ഇറേനിയൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി. യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ് ഇരുവരും ചർച്ച നടത്തിയത്.
ഹോർമുസ് കടലിടുക്കിലുള്ള 27 ചരക്കുകപ്പലുകളുടെ സുരക്ഷിതയാത്ര സംബന്ധിച്ച് ചർച്ച നടന്നു. ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഇന്ത്യന്‍ പതാക വഹിക്കുന്ന 24 കപ്പലുകളും കിഴക്കുഭാഗത്ത് മൂന്നു കപ്പലുകളുമുണ്ട്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറേനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ടെഹ്റാനിൽ ഇന്നലെ ഇസ്രയേൽ, അമേരിക്ക വിരുദ്ധ റാലിയുമായി ആയിരക്കണക്കിനു പേർ ഒത്തുചേർന്ന സ്ഥലത്ത് വൻ സ്ഫോടനമുണ്ടായി.
യുദ്ധം ആരംഭിച്ചശേഷം ഇറാനിൽ 15,000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇറാനിലേക്കും ലബനനിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം തുടരുകയാണ്. ഇറാൻ തൊടുത്ത 50 ഡ്രോണുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. യുഎഇയിലേക്ക് ഏഴു മിസൈലുകളും 27 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
തുർക്കിക്കു നേർക്ക് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ നാറ്റോ ഡിഫൻസസ് തകർത്തു. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് നാറ്റോ സഖ്യരാജ്യമായ തുർക്കിക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയത്.
ലബനനിൽ ഇസ്രേലി ആക്രമണത്തിൽ ഇതുവരെ നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 773 ആണ്.



