തിരുവനന്തപുരം: ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതൽ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം നടത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. തിരുവനന്തപുരം നഗരസഭയിലെ ചരിത്ര വിജയം ആഘോഷിക്കാൻ ഷാ, അടുത്തിടെ കേരളത്തിൽ എത്തിയപ്പോൾ സാബു ജേക്കബുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ഒടുവിൽ ഇന്ന് കൊച്ചിയിൽ ഇരുവരും തമ്മിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിര തീരുമാനമുണ്ടായത്. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താ സമ്മേളനത്തിനെത്തിയാണ് എൻ ഡി എ മുന്നണിയിലെത്തുമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയത്. നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി എത്തുമ്പോൾ വേദിയിൽ സാബു ജേക്കബുമുണ്ടാകും. മോദിയുടെ സാന്നിധ്യത്തിലാകും ട്വന്‍റി 20 ഔദ്യോഗികമായി എൻ ഡി എ മുന്നണിയുടെ ഭാഗമാകുക.

കൊച്ചിയിൽ ഗുണം ചെയ്യുമോ?

കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുന്നത് എറണാകുളത്ത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. നിലവിൽ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകൾ ആണ് ട്വന്റി 20 ഭരിക്കുന്നത്. കിഴക്കമ്പലം, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് ട്വന്റി 20 ഭരണം നടത്തുന്നത്. കഴിഞ്ഞതവണ ഭരണം ഉണ്ടായിരുന്ന രണ്ട് പഞ്ചായത്തുകൾ ഇക്കുറി നഷ്ടമായിരുന്നു. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ഇത്തവണ യു ഡി എഫ് പിടിച്ചെടുത്തത് ട്വന്‍റി 20 ക്ക് വലിയ ക്ഷീണമായിരുന്നു. 2020 നെ അപേക്ഷിച്ച് 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വൻ്റി 20 ക്ക് വലിയ നഷ്ടമുണ്ടായിരുന്നു. കുന്നത്തുനാട്ടിലടക്കം ചില പഞ്ചായത്തുകളിൽ യു ഡി എഫും എൽ ഡി എഫും ട്വൻ്റി 20 ക്കെതിരെ ഒന്നിച്ച് മൽസരിച്ചിരുന്നു. ഈ നീക്കത്തെ പ്രതിരോധിക്കാനാണ് ബി ജെ പി പാളയത്തിലേക്ക് പാർട്ടി എത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബി ജെ പിയാകട്ടെ കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ്.

ബി ജെ പിക്കൊപ്പം നിന്നുള്ള പരീക്ഷണം പാളിയാൽ ട്വന്‍റി 20 എന്ന രാഷ്ട്രീയ പാർട്ടി തന്നെ അപ്രസക്തമാകും. എറണാകുളം ജില്ലയിലെ 4 പഞ്ചായത്തുകളിൽ മാത്രം ഭരണമുള്ള ഒരു ചെറിയ പാർട്ടി മാത്രമാണ് സാബു ജേക്കബിന്‍റെ ട്വന്‍റി 20. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെയാണ് ബി ജെ പി മുന്നണിയുടെ ഭാഗമാകുക മാത്രമായിരുന്നു സാബുവിന് മുന്നിലുള്ള ഏക സാധ്യത. സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിന് നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.