തുർക്കിയിൽ വീഡിയോ എടുക്കവേ ‘പീസ് ചിഹ്നം’ കാണിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ തടഞ്ഞെന്നും മുന്നറിയിപ്പ് നൽകിയെന്നും കൊറിയയിൽ നിന്നുള്ള യുവതി. തുർക്കി സന്ദർശനത്തിനിടയിൽ വീഡിയോ എടുക്കവേയാണ് യുവതി സാധാരണ പോലെ പീസ് ചിഹ്നം കാണിച്ചത്. എന്നാൽ, ആ സമയം സെക്യൂരിറ്റി ജീവനക്കാർ ചെന്ന് യുവതിക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. പീസ് സൈൻ കാണിക്കുന്നത് രാജ്യത്ത് നിരോധിച്ചതായിട്ടാണ് വീഡിയോയിൽ പറയുന്നത്. കൊറിയയിൽ നിന്നുള്ള ട്യോൻ​ഗീ എന്ന വ്ലോ​ഗറാണ് വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

യുവതി തുർക്കി സന്ദർശിക്കുന്നതിനിടയിൽ മനോഹരമായ ഒരു ചുമരിന്റെ അടുത്ത് നിന്നും വീഡിയോ പകർത്തുകയായിരുന്നു. ആ സമയത്താണ് സെക്യൂരിറ്റി ജീവനക്കാർ യുവതിയുടെ അടുത്തേക്ക് ചെല്ലുന്നത്. ‘അത് ചെയ്യരുത്’ എന്ന് ഉദ്യോ​ഗസ്ഥർ പറയുമ്പോൾ യുവതി കരുതുന്നത് വീഡിയോ എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ് എന്നാണ്. വീഡിയോ എടുക്കാൻ സാധിക്കില്ലേ എന്ന് യുവതി തിരിച്ച് ചോദിക്കുമ്പോൾ വീഡിയോ എടുക്കുന്നതിലല്ല പ്രശ്നം എന്നാണ് ഉദ്യോസ്ഥർ പറയുന്നത്. നിങ്ങളുടെ രാജ്യത്ത് പീസ് എന്നത് സമാധാനത്തിന്റെ ചിഹ്നമായിട്ടായിരിക്കാം കാണിക്കുന്നത് അതേസമയം നിർഭാഗ്യവശാൽ ഇവിടെ അത് തീവ്രവാദവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥൻ പറയുന്നത്. പിന്നീട് യുവതി കൊറിയയിൽ പ്രശസ്തമായ ഹൃദയത്തിന്റെ ചിഹ്നം കാണിക്കുന്നതിൽ തെറ്റില്ലല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ യുവതിയോട് പറയുന്നത്.

യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ അനേകങ്ങൾ കണ്ടിട്ടുണ്ട്. സെക്യൂരിറ്റി ഉദ്യോ​ഗസ്ഥരുടെ മാന്യമായ പെരുമാറ്റത്തെ കുറിച്ചാണ് പലരും സൂചിപ്പിച്ചത്. തുർക്കിയിൽ അങ്ങനെയൊരു നിരോധനമുണ്ടോ എന്നും പലരും ചോദിച്ചു. തുര്‍ക്കിക്കാര്‍ തന്നെ പലരും അങ്ങനെ ഒരു നിരോധനത്തെ കുറിച്ച് കേട്ടിട്ടില്ല എന്നാണ് പറഞ്ഞത്. അതേസമയം, തുർക്കിയിൽ നിയമം മൂലം പീസ് സൈൻ നിരോധിച്ചിട്ടില്ല എങ്കിലും അത് വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ചിലപ്പോൾ വഴിവച്ചേക്കാം.

https://www.instagram.com/reel/DMK0LURJeuC/?igsh=MTZ6ZWg1dThqYTZ4YQ==