പുതിയ അധ്യയന വർഷം മുതൽ ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർദ്ധിപ്പിക്കും. 2025–26 അധ്യയന വർഷത്തേക്ക് 2.35% വിദ്യാഭ്യാസ ചെലവ് സൂചിക നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നൽകിയതോടെയാണിത്. ഡിജിറ്റൽ ദുബായ് അതോറിറ്റിയുമായി സഹകരിച്ച് സ്വകാര്യ സ്‌കൂളുകൾ സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഇസിഐ ഫീസ് വർധനവ് നിർണ്ണയിച്ചത്.

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ ശമ്പളം, മറ്റ് സേവനങ്ങൾ, വാടക ചെലവുകൾ തുടങ്ങിയ പ്രവർത്തന ചെലവുകൾ ആണ് ഇസിഐ പരിഗണിക്കുന്നത്. വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള നിർദിഷ്ട ഫീസ് ഘടനയുടെ കരട് സമർപ്പിക്കുന്നതിനുള്ള നിർദേശം യുഎഇയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളെയും കെഎച്ച്ഡിഎ അറിയിച്ചിട്ടുണ്ട്.

അതേസമയം യോഗ്യതയുള്ള സ്‌കൂളുകൾക്ക് അംഗീകൃത ഇസിഐ വരെ ഫീസ് വർദ്ധനവിന് അപേക്ഷിക്കാൻ സാധിക്കും എന്നാൽ അതിൽ കൂടുതലാകരുത് എന്ന് പ്രത്യേകിച്ച് അറിയിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് വർഷത്തിൽ താഴെ ദുബായിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധനവിന് അർഹതയില്ല എന്നും വ്യക്തമാക്കി. നൽകിയ ഓരോ അപേക്ഷയും സ്ഥാപിത മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കെഎച്ച്ഡിഎ അവലോകനം ചെയ്തിട്ടുണ്ട്.