യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ഉടമസ്‌ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷൻ (The Trump Organization) മൊബൈൽഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് ‘ടെലികോം’, മൊബൈൽ സേവനത്തിലേക്കും കടക്കുന്നു. 499 ഡോളർ (നിലവിലെ വിനിമയനിരക്കു പ്രകാരം ഏകദേശം 43,000 രൂപ) വിലയുള്ള ‘ടി1′ (T1) സ്മാർട്ഫോണാണ് “ട്രംപ് മൊബൈൽ’ (Trump Mobile) ബ്രാൻഡിൽ വിപണിയിലിറക്കുന്നത്.

സെപ്റ്റംബറിലാണ് ഫോൺ വിൽപനയ്ക്ക് എത്തുകയെങ്കിലും 100 ഡോളർ (8,600 രൂപ) നൽകി ഇപ്പോൾ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. അതേസമയം, ഫോൺ ബുക്ക് ചെയ്യാൻ ആളുകൾ തിക്കിത്തിരക്കിയതോടെ കമ്പനിയുടെ വെബ്സൈറ്റ് ഏറെ നേരത്തേക്ക് പ്രവർത്തനരഹിതമായെങ്കിലും പിന്നീട് സജീവമായി.

റീചാർജ് പ്ലാനിലും സവിശേഷത

പ്രതിമാസം 47.45 ഡോളറിൻ്റെ (ഏകദേശം 4,000 രൂപ) റീചാർജ് പ്ലാനും ട്രംപ് ഓർഗനൈസേഷൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് കോളും എസ്എംഎസും ഡേറ്റയും (ഇന്റർനെറ്റ്) ഒപ്പം 24*7 റോഡ്സൈഡ് അസിസ്റ്റൻസും ടെലിഹെൽത്ത് സേവനവും മറ്റും ഉറപ്പുനൽകുന്നതാണ് “ദ് 47 പ്ലാൻ’ (The 47 Plan). ഇന്ത്യയിലേക്ക് ത് അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അൺലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്നു.