വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ചർച്ചക്ക് സാധ്യത തെളിയുന്നു. ഇരു നേതാക്കളും തമ്മിൽ ഈ ആഴ്ച ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് അറിയിച്ചത്. തീരുവ യുദ്ധത്തിന്‍റെയും വ്യാപാര നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയും ചൈനയും തമ്മിൽ വീണ്ടും ചർച്ചക്കുള്ള സാധ്യത തെളിയുന്നത്. ട്രംപും ഷി ജിൻപിംഗും തമ്മിൽ ഫോണിലൂടെയാകും ചർച്ചയെന്നാണ് സൂചന. ഇരു നേതാക്കളും തമ്മിൽ ചർച്ച സാധ്യമായാൽ തീരുവ യുദ്ധ പ്രഖ്യാപനങ്ങൾക്കും വ്യാപാര നിയന്ത്രണത്തിലും മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

തീരുവകളും വ്യാപാര നിയന്ത്രണങ്ങളും പിന്‍വലിക്കാനുള്ള കരാര്‍ ചൈന ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും ഷി ജിൻ പിംഗും തമ്മിൽ ചർച്ചക്ക് സാധ്യത തെളിയുന്നത്. അമേരിക്കൻ പ്രസിഡന്‍റ് പദത്തിലേക്ക് രണ്ടാം തവണ എത്തിയതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഒരു ഘട്ടത്തിൽ 100 ശതമാനവും കടന്നുപോയ ഇറക്കുമതി തീരുവ യുദ്ധം ആഗോള തലത്തിൽ വലിയ തലവേദനയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജനീവയില്‍ ചൈനയുമായി യു എസ് ട്രഷറി മേധാവി സ്‌കോട്ട് ബെസെന്റ് നടത്തിയ ചര്‍ച്ചകള്‍ അമേരിക്ക –  ചൈന വ്യാപാര യുദ്ധത്തില്‍ താല്‍ക്കാലിക വിരാമമിട്ടിരുന്നു.